ബെവ് ക്യൂ ആപ്പ്: ആശയക്കുഴപ്പങ്ങള്ക്കൊടുവില് സാങ്കേതിക തകരാര് പരിഹരിച്ചതായി നിര്മാതാക്കള്

ബവ് ക്യൂ ആപിന്റെ സാങ്കേതിക തകരാര് പരിഹരിച്ചതായി ഫെയര് കോഡ് ടെക്നോളജീസ് അറിയിച്ചു. ഒടിപി ലഭിക്കുന്നതിലെ കാലതാമസമൊഴിവാക്കാന് മൂന്ന് സേവന ദാതാക്കളെ കണ്ടെത്തി. പതിനഞ്ച് ലക്ഷം പേര് ഇന്ന് മാത്രം മദ്യത്തിനായി രജിസ്റ്റര് ചെയ്തതായും ആപ് നിര്മാതാക്കളായ ഫെയര്കോഡ് കമ്പനി പറഞ്ഞു.
ഒടിപി ലഭിക്കുന്നില്ല എന്ന പ്രധാന പരാതിയായിരുന്നു ആപ്പിനെ കുറിച്ച് ഉണ്ടായിരുന്നത്. രാത്രി വൈകിയാണ് തകരാര് പരിഹരിച്ചു എന്ന് കമ്പനി അറിയിച്ചത് നേരത്തെ ഒരു സ്വകാര്യ കമ്പനിയായിരുന്നു സേവന ദാതാവെങ്കില് രണ്ട് കമ്പനികളെകൂടി അധികമായി ഒടിപി നല്കാന് തിരഞ്ഞെടുത്തു. എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യുന്നതിനും പ്രശ്നങ്ങള് നേരിട്ടിരുന്നു. അതും പരിഹരിച്ചെന്നാണ് ഫെയര്കോഡ് ടെക്നോളജീസ് അവകാശപ്പെടുന്നത്.
ആപിന്റെ യൂസര് ഇന്റര് ഫേസിനെ കുറിച്ച് ഇപ്പോഴും പരാതികള് ഏറെയുണ്ട്. ഒരു തവണ ഒടിപി ലഭിക്കാതെ ആദ്യ പേജിലേക്ക് തിരിച്ചുപോയാല് പേരും ഫോണ് നമ്പരും വീണ്ടും രേഖപ്പെടുത്തേണ്ടി വരുന്നതും ഫോണ് നമ്പരോ, പിന്കോഡോ തെറ്റായി രേഖപ്പെടുത്തിയാല് അത് ബുക്ക് ചെയ്യുന്നയാളെ അറിയിക്കാത്തതും ആപിന്റെ റേറ്റിങ് കുറയ്ക്കും. ഉപഭോക്താവിന്റെ സൗകര്യമനുസരിച്ചുള്ള തീയതിയോ സമയമോ ലഭിക്കില്ല. ബുക്ക് ചെയ്തത് സ്വയം റദ്ദാക്കാനുമാകില്ല. ക്യൂആര് കോഡ് സ്കാന് ചെയ്യാനുള്ള ആപ്ലിക്കേഷന് മിക്ക വില്പ്പനകേന്ദ്രങ്ങള്ക്കും നല്കാന് സാധിക്കാഞ്ഞതും പിഴവായി.
നേരത്തെ തലേ ദിവസം ബുക്ക് ചെയ്താല് അടുത്ത ദിവസം മദ്യം കിട്ടുമെന്നായിരുന്നു അറിയിപ്പെങ്കില് ആദ്യ ദിവസങ്ങളില് പെട്ടെന്നുള്ള അറിയിപ്പിലൂടെ നിശ്ചിത ആളുകള്ക്ക് ടോക്കണ് നല്കുന്ന രീതിയാകും തുടരുക. ഇന്ന് ടോക്കണ് ലഭിച്ചവരില് ചിലര്ക്ക് സ്റ്റോക്കില്ലെന്ന കാരണത്താല് മദ്യം കിട്ടിയില്ല. ഇവര്ക്ക് നാല് ദിവസം കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ല.
https://www.facebook.com/Malayalivartha



























