പൊലീസ് കൈകാണിച്ചിട്ടും നിര്ത്താതെ പാഞ്ഞ കാറിനെ പിന്തുടര്ന്നു പിടികൂടിയപ്പോള് ഡ്രൈവര്ക്ക് ബോധക്ഷയം!

കോഴിക്കോട് ഫറോക്ക് മോഡേണ് ബസാറില് വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിര്ത്താതെ പാഞ്ഞ കാറിനെ പഴയ പാലത്തിനു സമീപം വരെ പിന്തുടര്ന്നു പോലീസ് പിടികൂടി. പിന്തുടരുന്നതിനിടെ കാറിടിച്ചു ബേപ്പൂര്, നല്ലളം പൊലീസ് സ്റ്റേഷനിലെ ജീപ്പുകള്ക്കു നാശമുണ്ടായി. ഏറെ നേരം പൊലീസിനെ ചുറ്റിച്ചു നിര്ത്താതെ പാഞ്ഞ കാര് ഒടുവില് പൊലീസ് പിടിയിലായപ്പോള് ഡ്രൈവര് ബോധരഹിതനായി റോഡില് വീണു. ഡ്രൈവര് മാങ്കാവ് സ്വദേശി ഷബീര് അലിയെ (35) ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
കാറിലുണ്ടായിരുന്ന 3 പേരെ നല്ലളം പൊലീസ് പിടികൂടി. മാങ്കാവ് സ്വദേശി റനീഷ് ദാസ് (30), ഇടിയങ്ങര സ്വദേശികളായ നൗഷാദ് (32), അബ്ദുല് ഷഹദ് (36) എന്നിവരാണു കസ്റ്റഡിയിലുള്ളത്.
കാറിന്റെ പാഞ്ഞോട്ടത്തിനിടെ ഒട്ടേറെ വാഹനങ്ങളില് ഇടിച്ചിരുന്നു.ഒരു സ്കൂട്ടര് യാത്രക്കാരനു പരുക്കേറ്റു. മാത്തോട്ടം കെ.കെ.ഹൗസില് ഫൈജാസി(33)നാണു പരുക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. കാറിലുണ്ടായവര് മദ്യപിച്ചിരുന്നതായി സംശയിക്കുന്നു. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.
വൈകിട്ട് 5-ന് കൊളത്തറ ഭാഗത്തു നിന്ന് അതിവേഗത്തില് എത്തിയ കാര് നല്ലളം എസ്ഐ എം.കെ.രഞ്ജിത്തും സംഘവും മോഡേണ് ബസാറില് കൈകാണിച്ചു. നിര്ത്താതെ പോയപ്പോള് പിന്തുടര്ന്നു. കാര് വട്ടക്കിണര് വഴി ബേപ്പൂര് റോഡിലേക്കു കുതിച്ചു. ഉടന് ബേപ്പൂര് പൊലീസിനു സന്ദേശം നല്കി. ഓട്ടത്തിനിടെ വട്ടക്കിണര്, മാത്തോട്ടം, അരക്കിണര് എന്നിവിടങ്ങളില് ഇരുചക്ര വാഹനങ്ങളില് തട്ടിയാണ് കാര് കടന്നു പോയത്. ബിസി റോഡ് എത്തിയപ്പോള് ബേപ്പൂര് പൊലീസും പിന്തുടര്ന്നു.
ഒടുവില് ചെറുവണ്ണൂരില്നിന്നു ഫറോക്ക് ഭാഗത്തേക്കു പോകവേ പഴയ പാലത്തിനു സമീപത്താണ് ജീപ്പ് വിലങ്ങനെയിട്ടു കാര് പൊലീസ് തടഞ്ഞത്. ഇതിനിടെയാണ് ബേപ്പൂര്, നല്ലളം സ്റ്റേഷനുകളിലെ ജീപ്പുകളില് ഇടിച്ചത്. പിടിയിലായവര്ക്കെതിരെ പൊതുമുതല് നശിപ്പിച്ചതിനു കേസ് റജിസ്റ്റര് ചെയ്യുമെന്നു നല്ലളം എസ്ഐ എം.കെ.രഞ്ജിത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha



























