ബാണാസുര ഡാമില് മഴക്കാല മുന്നൊരുക്കങ്ങള് പൂര്ത്തിയായി

ബാണാസുര ഡാം തുറക്കുന്നതിനുള്ള മാര്ഗരേഖ തയാറായി. അറ്റകുറ്റപ്പണികളും നടത്തി. ഡാമുകള് തുറന്നതാണു 2018-ലെ പ്രളയത്തിന് ആക്കം കൂട്ടിയതെന്ന ശക്തമായ വിമര്ശനത്തെ തുടര്ന്നു ഇത്തവണ ഡാമില് നിശ്ചിത അളവില് വെള്ളം ക്രമീകരിച്ചു നിര്ത്താന് നടപടി ആരംഭിച്ചിരുന്നു. ഇത്തവണ കേന്ദ്ര ജല കമ്മിഷന് നല്കിയ അളവ് അനുസരിച്ചാണു വെള്ളം തുറന്നു വിടുക. ഇതിനു വൈദ്യുതി ബോര്ഡ് നിശ്ചയിച്ച അളവില്നിന്നു കാര്യമായ മാറ്റമില്ലെന്നു ഡാം അധികൃതര് അറിയിച്ചു.
മുന് വര്ഷങ്ങളില് പരമാവധി സംഭരണ ശേഷിയായ 775.6 മീറ്ററില് വെള്ളം എത്തുമ്പോള് ഡാം തുറന്നു വിടുകയായിരുന്നു പതിവ്. പുതിയ തീരുമാന പ്രകാരം ഡാം കാരണം ഉണ്ടാകുന്ന പ്രളയ സാധ്യത ഗണ്യമായി കുറയും. മഴ ശക്തമാകുന്നതിനു മുന്പുതന്നെ വെള്ളത്തിന്റെ അളവ് ക്രമീകരിച്ചു തുടങ്ങും. ജൂണ് 20-ന് 768 മീറ്റര് വെള്ളമാണ് ഇതുപ്രകാരം സംഭരിക്കുക. അധികജലം തുറന്നുവിടും. ഇത്തരത്തില് മഴ കുറയുന്ന സമയം വരെ ജലനിരപ്പ് ക്രമീകരിച്ച് ഒക്ടോബര് 20-ന് മാത്രമേ പരമാവധി സംഭരണ ശേഷിയില് എത്തിക്കൂ.
കഴിഞ്ഞ വര്ഷം ഈ സമയത്ത് 755.45 മീറ്റര് വെള്ളമാണുണ്ടായിരുന്നത്. വേനല്മഴ മുന്വര്ഷത്തെക്കാള് കൂടുതല് ലഭിച്ചതിനാല് ഇത്തവണ ഡാമില് വെള്ളം കൂടുതലുണ്ട്(757.7 മീറ്റര്). കുടിവെള്ള വിതരണം സുഗമമാക്കുന്നതിനു വേണ്ടി മാര്ച്ച് 15 മുതല് ദിവസവും 25,000 മീറ്റര് ക്യൂബ് വെള്ളം തുറന്നു വിടുന്നുണ്ട്. കക്കയത്തേക്കും പരമാവധി വെള്ളം അയയ്ക്കുന്നുണ്ട്. ഡാം തുറക്കുന്നത് അറിയിക്കുന്നതിനായി സൈറണ് പ്രവര്ത്തിക്കുന്നുണ്ട്. 5 മിനിറ്റ് ഇടവിട്ട് 3 തവണ സൈറണ് മുഴക്കിയതിനു ശേഷമാകും ഷട്ടറുകള് ഉയര്ത്തുക.
https://www.facebook.com/Malayalivartha



























