ഒരു ടിവിയും 2 ബള്ബും മാത്രമുള്ള വീടിന്റെ കറന്റ് ബില് 11,359 രൂപ!

ഇടുക്കി രാജാക്കാട് മറ്റത്തില് രാജമ്മ ഒരു ദിവസം ഏലത്തോട്ടത്തില് കൂലിപ്പണിക്കു പോയില്ലെങ്കില് അടുപ്പ് പുകയാത്ത സ്ഥിതിയാണ് വീട്ടിലുള്ളത്. വൈദ്യുതീകരിച്ച വീട്ടില് ആകെയുള്ളത് രണ്ടു ബള്ബും ഒരു ടിവിയും. പക്ഷേ ഇത്തവണ ലഭിച്ചത് 11,359- രൂപയുടെ വൈദ്യുതി ബില്. കഴിഞ്ഞ തവണത്തെ ബില് 292 രൂപയായിരുന്നു. അതിന്റെ 40 മടങ്ങാണ് ഇപ്പോഴത്തെ ബില്.
ഡോര് ലോക് (ഡിഎല്) അഡ്ജസ്റ്റ്മെന്റ് എന്ന ഇനത്തില്പ്പെടുത്തിയിരിക്കുകയാണ് ബില്ലിലെ 5601 രൂപയും. ലോക്ഡൗണ് മൂലം മീറ്റര് റീഡിങ് നടത്താതിരുന്ന നാലു മാസത്തെ ഉപയോഗത്തിന്റെ പകുതിയാണ് ഡോര് ലോക് അഡ്ജസ്റ്റ്മെന്റ്.
ബില് കൂടുന്നത് വയറിംഗ് പ്രശ്നം മൂലമുള്ള വൈദ്യുതിച്ചോര്ച്ച മൂലമാണെന്നാണ് കെഎസ്ഇബി പറയുന്നത്. മേഖലയില്നിന്നു മറ്റുചിലരും പരാതിയുമായി ചെന്നപ്പോള് എര്ത്ത് വയറിങ് പ്രശ്നമാണ് അധികൃതര് ചൂണ്ടിക്കാട്ടിയത്. മന്ത്രി മണിയുടെ പഞ്ചായത്തായ ബൈസണ്വാലിയുടെ അയല് പഞ്ചായത്താണു രാജാക്കാട്. മന്ത്രിയുടെ മൂത്തമകള് സതി കുഞ്ഞുമോനാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ്.
https://www.facebook.com/Malayalivartha
























