മിനികൂപ്പര് ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല് സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി

നെടുമ്പാശേരിയില് മിനികൂപ്പര് കാറിടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടക്കേസിലെ മുഖ്യപ്രതി സുഹൈല് സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി. സുഹൈല് സജീവ് ഉള്പ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയത്. ഒന്നാം പ്രതി സുഹൈല്, രണ്ടാം പ്രതി നിനവ്, മൂന്നാം പ്രതി ജോയല് നാലാം പ്രതി അമീന് എന്നിവരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്. മദ്യലഹരിയില് അമിതവേഗതയിലെത്തിയ മിനി കൂപ്പര് കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്നുപേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ജാമ്യാപേക്ഷയില് ഇന്നലെ വാദം പൂര്ത്തിയായിരുന്നു. പ്രതികള്ക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൊഴി നല്കിയ പ്രിയാദ് എന്ന വ്യക്തി എങ്ങനെ സീനിലേക്ക് വന്നെന്നും പ്രാഥമിക മൊഴി നല്കാന് അയാള്ക്ക് എങ്ങനെ കഴിയുമെന്നായിരുന്നു പ്രതിഭാഗം ഉന്നയിച്ച ചോദ്യം. മൂന്നുപേര് സഞ്ചരിച്ചത് കൊണ്ടാണ് അപകടം വിളിച്ചു വരുത്തിയതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
നിര്ണായക ഘട്ടത്തിലാണ് കേസന്വേഷണം ഉള്ളതെന്നും പ്രതികള് സാമ്പത്തികമായി ഉയര്ന്നനിലയിലായതുകൊണ്ട് ജാമ്യം നല്കിയാല് അത് കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് ഭാഗവും വാദിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലര്ച്ചെയാണ് നെടുമ്പാശ്ശേരി എയര്പോര്ട്ട് വിഐപി റോഡില് നാടിനെ നടുക്കിയ അപകടം നടന്നത്.
https://www.facebook.com/Malayalivartha

























