യുവാവിനെ കല്ലെറിഞ്ഞു കൊന്ന കേസില് അയല്വാസി അറസ്റ്റില്

മുണ്ടക്കയത്ത് വാക്കുതര്ക്കത്തിനൊടുവില് അയല്വാസിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസില് യുവാവ് അറസ്റ്റില്. കോട്ടപ്പറമ്പില് ജേക്കബ് ജോര്ജ് (സാബു 53) മരിച്ച കേസില് ചെളിക്കുഴി പുത്തന്പുരയ്ക്കല് അഭിലാഷാണ് (നാണപ്പന് ബിജു - 37) അറസ്റ്റിലായത്.
ചെളിക്കുഴി ലക്ഷംവീട് കോളനി റോഡില് ശനിയാഴ്ച വൈകിട്ട് 6.30-നാണ് സംഭവം. വീടിനു സമീപം വാഹനം പാര്ക്ക് ചെയ്യുന്നതു സംബന്ധിച്ച് ബിജുവും സാബുവും തമ്മില് മുന്പ് വഴക്കുണ്ടായിരുന്നു. ടൗണില് ചുമട്ടുതൊഴിലാളിയായ സാബു ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്നതിനിടെ ചെളിക്കുഴി കവലയില് ഇരുവരും തമ്മില് വാക്കുതര്ക്കമുണ്ടായി. അതിനു ശേഷം വീട്ടിലേക്കുള്ള റോഡിലൂടെ സാബു കയറിപ്പോയപ്പോള് പിന്നാലെ എത്തി ബിജു ആക്രമിക്കുകയുമായിരുന്നു.
ബിജു കയ്യാലയില് നിന്ന് ഒരു വലിയ കല്ല് എടുത്ത് സാബുവിന്റെ നേര്ക്ക് എറിയുകയും സംഭവ സ്ഥലത്ത് തന്നെ സാബു വീഴുകയും ചെയ്തു. തുടര്ന്ന് മറ്റൊരു കല്ല് എടുത്ത് നെഞ്ചില് എറിഞ്ഞ ശേഷം ബിജു കടന്നുകളഞ്ഞു. സാബുവിന്റെ സംസ്കാരം നടത്തി. ഭാര്യ : ബിന്ദു, മക്കള് : അലീന, അനുമോള്.
സംഭവശേഷം ചെളിക്കുഴിയില് തന്നെ മറ്റൊരു സ്ഥലത്ത് ഒളിവില് കഴിയുകയായിരുന്ന ബിജുവിനെ ശനിയാഴ്ച രാത്രി 11-ന് പൊലീസ് പിടികൂടി. സിഐ വി. ഷിബുകുമാര്, എസ്ഐമാരായ മാത്യു പി. ജോണ്, എം.ജെ. ഷാജി, സിപിഒ ജോബി എന്നിവര് അറസ്റ്റിനു നേതൃത്വം നല്കി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഫൊറന്സിക് സംഘവും എത്തി തെളിവു ശേഖരിച്ചു.
https://www.facebook.com/Malayalivartha
























