ഗുരുവായൂര് ക്ഷേത്ര ഭണ്ഡാരം 4 മാസമായി തുറക്കാത്തതിനാല് നോട്ടുകള്ക്ക് കേടുവരുമെന്ന് ആശങ്ക

ഗുരുവായൂര് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില് പണം നിറഞ്ഞു കിടക്കുകയാണ്. പക്ഷേ എണ്ണി നോക്കാന് പോലും കഴിയുന്നില്ല. എല്ലാ മാസവും ഭണ്ഡാരം തുറന്നെണ്ണുന്നത് ദേശസാല്കൃത ബാങ്കുകളുടെ ചുമതലയാണ്. കോവിഡ് നിയന്ത്രണം കാരണം 4 മാസമായി ഭണ്ഡാരം തുറന്നിട്ടില്ല. ക്ഷേത്രത്തില് 36 ഭണ്ഡാരങ്ങളുണ്ട്. ശരാശരി 4-5 കോടി രൂപയും 3 കിലോ സ്വര്ണവും 10 കിലോ വെള്ളിയും ലഭിക്കാറുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 15-ന് അവസാനമായി ഭണ്ഡാരം എണ്ണിയപ്പോള് 3.48 കോടി രൂപയും 3.61 കിലോ സ്വര്ണവും 11 കിലോ വെള്ളിയുമാണ് ലഭിച്ചത്. മാര്ച്ച് 15-ന് ഉത്സവത്തിന് ശേഷം ഭണ്ഡാരം എണ്ണാനായിരുന്നു തീരുമാനം. എന്നാല് 14 മുതല് കോവിഡ് നിയന്ത്രണങ്ങളായി. 21-ാം തീയതി മുതല് ദര്ശനം നിര്ത്തലാക്കുകയും ചെയ്തു.
ഭണ്ഡാരങ്ങളിലെ കാണിക്ക, 50-മുതല് 60 വരെ ആള്ക്കാര് 12 ദിവസമെടുത്താണ് എണ്ണിത്തീര്ക്കാറുള്ളത്. കഴിഞ്ഞ ദിവസം ക്ഷേത്രം രണ്ടാമതും തുറന്നപ്പോള് ഭണ്ഡാരം എണ്ണാന് 30 പേരെ അനുവദിക്കണമെന്ന് ദേവസ്വം കലക്ടറോട് അഭ്യര്ഥിച്ചു. 15 പേരെ അനുവദിച്ചു. കോവിഡ് വ്യാപനം വര്ധിച്ചതോടെ ക്ഷേത്രം വീണ്ടും കടുത്ത നിയന്ത്രണത്തിലായത് പ്രതിസന്ധിയായി.
2019 മാര്ച്ചില് 4.95 കോടി രൂപയും 2.76 കിലോ സ്വര്ണവും 16 കിലോ വെള്ളിയുമായിരുന്നു, ഭണ്ഡാരവരവ്. മഴക്കാലമായതോടെ നോട്ടുകള് പൂപ്പല് പിടിച്ച് കേടുവരുമോ എന്ന ആശങ്കയിലാണ് ദേവസ്വം.
https://www.facebook.com/Malayalivartha
























