സൗദിയിലേക്കുള്ള എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള് റദ്ദാക്കി

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്വീസുകള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തി എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും. പശ്ചിമേഷ്യന് സംഘര്ഷം കണക്കിലെടുത്ത് ഈ മാസം 24 വരെ ജിദ്ദ, ദമാം, എന്നിവിടങ്ങളിലേക്കും അവിടെന്ന് തിരിച്ചുള്ള സര്വീസുകളാണ് താല്ക്കാലികമായി നിര്ത്തിവച്ചതായി വിമാനകമ്പനികള് അറിയിച്ചത്. മേഖലയില് സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് വിമാനക്കമ്പനികള് സര്വീസുകള് റദ്ദാക്കുന്നത്.
നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് എയര് ഇന്ത്യ എക്സില് കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച എയര് ഇന്ത്യ സൗദിയിലേക്കുള്ള സര്വീസുകള് ഒക്ടോബര് 20 വരെ റദ്ദാക്കിയിരുന്നു. എയര് ഇന്ത്യ എക്സ്പ്രസ് നേരത്തേ ഒക്ടോബര് 17 വരെയും സര്വീസുകള് നിര്ത്തിവച്ചിരുന്നു. പുതിയ തീരുമാനത്തോടെ രണ്ട് കമ്പനികളുടെയും നിയന്ത്രണം ഒക്ടോബര് 24 വരെ നീളും.
ഇന്ഡിഗോയും സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്വീസുകള് ഈ മാസം 24 വരെ റദ്ദാക്കിയതായി വ്യാഴാഴ്ച അറിയിച്ചിരുന്നു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കും തിരിച്ചുമുള്ള സര്വീസുകള് ഒക്ടോബര് 24 വരെയും ജിദ്ദയിലേക്കുള്ള സര്വീസുകള് ഒക്ടോബര് 21 വരെയും നിര്ത്തിവച്ചതായി ആകാശ എയറും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























