ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർ ഏഴുദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങിയാൽ ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവർക്കെതിരെ കേസെടുക്കും. ഇവിടെ ബന്ധപ്പെടുന്ന വ്യക്തി, കമ്പനി, സ്ഥാപനം, സ്പോൺസർ എന്നിവർക്കും ഇത്തരത്തിൽ എത്തുന്ന വ്യക്തിയുടെ യാത്രയ്ക്ക് ഉത്തരവാദിത്തമുണ്ടാവും

ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർക്ക് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഏഴുദിവസത്തിൽ കൂടുതൽ ഇവർ സംസ്ഥാനത്ത് തങ്ങിയാൽ ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവർക്കെതിരെ കേസെടുക്കും. ഇവിടെ ബന്ധപ്പെടുന്ന വ്യക്തി, കമ്പനി, സ്ഥാപനം, സ്പോൺസർ എന്നിവർക്കും ഇത്തരത്തിൽ എത്തുന്ന വ്യക്തിയുടെ യാത്രയ്ക്ക് ഉത്തരവാദിത്തമുണ്ടാവും.
ഔദ്യോഗികാവശ്യങ്ങൾ, ബിസിനസ്, കച്ചവടം, മെഡിക്കൽ, കോടതി തുടങ്ങി വിവിധാവശ്യങ്ങൾക്ക് എത്തുന്നവരെ ക്വാറന്റൈനിലാക്കുന്നത് പ്രായോഗിമല്ലാത്തതിനാലാണ് പുതിയ ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ 14 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ/ പെയ്ഡ് ക്വാറന്റൈനിൽ കഴിയണം
കേരളത്തിലേക്കെത്തുന്ന ഉദ്യോഗസ്ഥർ, പ്രഫഷനലുകൾ എന്നിവർക്കാണ് നേരത്തേ ക്വാറൻറീനിൽ ഇളവ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവിൽ വിദ്യാർഥികൾക്കും ഇളവ് നൽകിയിട്ടുണ്ട്. പരീക്ഷ എഴുതാൻ വരുന്നവരും ഏഴുദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങാൻ പാടില്ല.
പരീക്ഷ തീയതിയുടെ മൂന്നുദിവസം മുമ്പ് വരെയും പരീക്ഷതീയതിക്ക് മൂന്നുദിവസത്തിന് ശേഷവും കേരളത്തിൽ തങ്ങാം. ഇവർ മറ്റൊരു സ്ഥലത്തേക്കും പോകാൻ പാടില്ല
കേരളത്തിൽ കഴിയുന്ന ദിവസങ്ങളിൽ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ശാരീരികാകലം പാലിക്കുകയും കൈകൾ കഴുകുകയും മാസ്ക്ക് ധരിക്കുകയും വേണം. സാനിറ്റൈസറും ആവശ്യമായ മാസ്ക്കുകളും സന്ദർശകർ കരുതണം.
റൂം സർവീസ്, ഓൺലൈൻ ഭക്ഷണം എന്നിവ പ്രയോജനപ്പെടുത്തണം. അധികൃതരിൽ നിന്ന് മുൻകൂർ അനുമതി ലഭിക്കാതെ കൂടുതൽ ദിവസം ഇവിടെ കഴിയരുത്.
ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.കോവിഡ് 19 ജാഗ്രതാ പോർട്ടലിലൂടെ പ്രവേശന പാസ് എടുത്തവർക്ക് മാത്രമാണ് ഏഴു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് അനുമതി നൽകുക ..
ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തുടരുന്നില്ലെന്നും എട്ടാം ദിവസം മടങ്ങിയെന്നും അധികൃതർ ഉറപ്പാക്കണം. യാത്രയുടെ വിശദാംശവും എവിടെ താമസിക്കുമെന്ന വിവരവും ഇവിടെ ബന്ധപ്പെടാനുള്ള വ്യക്തിയുടെ ഫോൺ നമ്പറും നൽകിയിരിക്കണം.
ഇതിലെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ കാരണം സഹിതം അത് മുൻകൂട്ടി അധികൃതരെ അറിയിക്കണം. വിശദാംശങ്ങൾ പരിശോധിച്ച് ജില്ലാ കളക്ടർമാരാണ് ഹ്രസ്വ സന്ദർശനത്തിന് അനുമതി നൽകേണ്ടത്.
.കേരളത്തിലെത്തിയാൽ ഇവർ മറ്റൊരിടത്തും ഇറങ്ങാതെ വാഹനത്തിൽ നേരേ താമസസ്ഥലത്തേക്ക് പോകണം. അനുമതി ലഭിച്ചിരിക്കുന്ന സ്ഥലത്തു മാത്രമേ പോകാവൂ. ഇവിടത്തെ ആവശ്യവുമായി ബന്ധപ്പെട്ട ആളുകളെ മാത്രമേ കാണാവൂ. പൊതുസ്ഥലങ്ങളോ ആശുപത്രികളോ സന്ദർശിക്കരുത്. 60 വയസിനു മുകളിലുള്ളവർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവരിൽ നിന്ന് അകന്നു നിൽക്കണം.
ഏതെങ്കിലും തരത്തിലെ രോഗലക്ഷണം കണ്ടാൽ ഉടൻ ദിശയുടെ 1056 എന്ന നമ്പറിൽ ബന്ധപ്പെടണം. ആരോഗ്യ പ്രവർത്തകരുടെ അനുമതിയില്ലാതെ മുറിക്ക് പുറത്ത് വരരുത്. ചെറിയ തോതിലെങ്കിലും രോഗ ലക്ഷണം ഉണ്ടായാൽ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് അവരെ മാറ്റി പരിശോധന ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കണം.
കേരളത്തിൽ നിന്ന് മടങ്ങി 14 ദിവസത്തിനകം കോവിഡ് 19 സ്ഥിരീകരിച്ചാൽ അവർ ഉടൻ കൺട്രോൾ റൂമിൽ വിവരം അറിയിക്കണം
ഇത്തരം നിർദ്ദേശങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് തുടരുന്നവർക്കെതിരെയും ഇവർ ബന്ധപ്പെടുന്ന വ്യക്തി, കമ്പനി, സ്ഥാപനം, സ്പോൺസർ എന്നിവർക്ക് എതിരെയും കടുത്ത നിലപാട് എടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി
https://www.facebook.com/Malayalivartha
























