അരനൂറ്റാണ്ടോളമായി ട്രഷറികളില് അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങള് കണ്ടുകെട്ടാന് സര്ക്കാര്

വിവിധ ട്രഷറി ശാഖകളില് അവകാശികളില്ലാതെ അരനൂറ്റാണ്ടോളമായി കിടക്കുന്ന നിക്ഷേപങ്ങള് കണ്ടുകെട്ടാനുള്ള നടപടികള്ക്കു സര്ക്കാര് തുടക്കം കുറിക്കുന്നു. നിക്ഷേപമായി കിടക്കുന്ന ഈ പണത്തിനു സര്ക്കാര് പലിശ നല്കുന്നതു കാരണം ഓരോ വര്ഷം കഴിയുന്തോറും പലിശച്ചെലവു വര്ധിച്ചുവരികയാണ്.
സര്ക്കാര് കടമെടുത്ത തുകയായിട്ടാണ് പബ്ലിക് അക്കൗണ്ടിലെ ഈ നിക്ഷേപങ്ങള് കേന്ദ്ര സര്ക്കാര് കണക്കാക്കുന്നത്. തന്മൂലം സംസ്ഥാനത്തിനു കടമെടുക്കാവുന്ന തുക കേന്ദ്രം വെട്ടിക്കുറയ്ക്കാനുള്ള സാധ്യത മുന്നില്ക്കണ്ടാണ് സേവിങ്സ് അക്കൗണ്ടിലും സ്ഥിര നിക്ഷേപ അക്കൗണ്ടിലുമുള്ള പണം കണ്ടുകെട്ടാന് ഒരുങ്ങുന്നത്.
ട്രഷറി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില് 40 വര്ഷമായി അവകാശികളെത്താത്ത നിക്ഷേപങ്ങളുണ്ടെന്നാണ്കണ്ടെത്തിയത്. നിക്ഷേപകര്ക്ക് പലവട്ടം ട്രഷറി ഓഫിസര്മാര് കത്തെഴുതിയെങ്കിലും പ്രതികരണമില്ല. ഇത്തരത്തില് ആകെ എത്ര കോടി രൂപയുണ്ടെന്നു കണ്ടെത്തുന്നതിന് എല്ലാ ട്രഷറികളോടും കണക്കു സമര്പ്പിക്കാന് ട്രഷറി ഡയറക്ടര് ആവശ്യപ്പെട്ടു.
നിക്ഷേപകരുടെ രേഖകള് പരിശോധിച്ചു നോമിനിയെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. ഇവരെ റജിസ്റ്റേഡ് തപാലിലൂടെ വിവരം അറിയിക്കും. അവകാശ രേഖകള് സമര്പ്പിച്ചാല് നിയമവശം പരിശോധിച്ചു പണം കൈമാറും. ആരും അവകാശികളായില്ലെങ്കില് പണം സര്ക്കാര് കണ്ടുകെട്ടും.
2000 മാര്ച്ച് 31-ന് മുന്പ് കാലാവധി പൂര്ത്തിയാക്കിയ നിക്ഷേപങ്ങളുടെ വിവരങ്ങളാണു ശേഖരിച്ചു തുടങ്ങുന്നത്. സ്ഥിര നിക്ഷേപം സംബന്ധിച്ച വിവരങ്ങള് ഓഗസ്റ്റ് 31-നു മുന്പും സേവിങ്സ് അക്കൗണ്ട് വിവരങ്ങള് ഡിസംബര് 31-നും മുന്പും അറിയിക്കണമെന്നാണു ട്രഷറി ഡയറക്ടര് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ഥിരനിക്ഷേപകരില് നല്ലൊരു പങ്കും സര്ക്കാര് സര്വീസില്നിന്നു വിരമിച്ചവരാണ്്. അപ്രതീക്ഷിത മരണവും ഓര്മക്കുറവും കാരണമാണ് പലരുടെയും നിക്ഷേപം സംബന്ധിച്ച വിവരങ്ങള് അവകാശികള് അറിയാതെ പോകുന്നത്. എട്ടര ശതമാനമാണു ട്രഷറിയിലെ സ്ഥിരനിക്ഷേപങ്ങള്ക്കു ലഭിക്കുന്ന പലിശ.
https://www.facebook.com/Malayalivartha


























