ബേക്കറി വഴിയുള്ള ഹോര്ട്ടി വൈന് വില്പനയ്ക്ക് ലൈസന്സ് മരവിപ്പിച്ചു

വിവാദത്തെ തുടര്ന്ന് ബേക്കറി വഴി ഹോര്ട്ടി വൈന് വില്പനയ്ക്കുള്ള ലൈസന്സ് തത്കാലത്തേക്ക് മരവിപ്പിച്ച് സര്ക്കാര്. തൃശൂര് പൂവത്തുശേരിയിലെ ബേക്കറിക്ക് നല്കിയ ലൈസന്സാണ് മരവിപ്പിച്ചത്. മദ്യനയം പ്രഖ്യാപിക്കുന്നതു വരെയാണ് നടപടിയെന്ന് അഡിഷണല് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില് പറയുന്നു. മാളുകളിലും സൂപ്പര്മാര്ക്കറ്റുകളിലും ബേക്കറികളിലും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹോര്ട്ടി വൈന് വില്പനയ്ക്ക് അനുമതി നല്കി ചട്ടം ഭേദഗതി നിലനിറുത്തണോ വേണ്ടയോ എന്ന് പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില് തീരുമാനിക്കും. അതുവരെ പഴയ ഉത്തരവ് മരവിപ്പിക്കാനാണ് നീക്കം.
മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ അറിയാതെ ലൈസന്സ് നല്കിയതാണ് വിവാദമായത്. ലൈസന്സ് നല്കിയെന്ന വിവരം അറിഞ്ഞയുടന് എക്സൈസ് കമ്മിഷണര് സാംബശിവ റാവുവിനോട് മന്ത്രി എം. ലിജു അടിയന്തര റിപ്പോര്ട്ട് തേടിയിരുന്നു. പിന്നാലെ അനുമതി നല്കിയ എക്സൈസ് ഡെപ്യുട്ടി കമ്മിഷണര് സി.കെ. അനില്കുമാറിനെ തത്സ്ഥാനത്ത് നിന്ന് മാറ്റിനിറുത്താനും തീരുമാനിച്ചു.
ഉദ്യോഗസ്ഥതലത്തില് ഇത്തരത്തില് നയപരമായൊരു തീരുമാനം എടുക്കുമ്പോള് അത് സര്ക്കാരിനെ അറിയിക്കണമായിരുന്നെന്ന് മന്ത്രി വിമര്ശിച്ചു. മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.'ബേക്കറികളിലൂടെ ഹോര്ട്ടി വൈന് വില്ക്കുന്ന കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അപ്പോള്തന്നെ അടിയന്തരമായി സംസ്ഥാന എക്സൈസ് കമ്മീഷണറോട് റിപ്പോര്ട്ട് തേടി. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് കേരളത്തിലെ അബ്കാരി നിയമങ്ങളില് ഭേദഗതി വരുത്തി ഹോര്ട്ടിവൈന്സ് വില്പന നടത്തുന്നതിനുള്ള ചട്ടങ്ങളുള്പ്പെടെ രൂപീകരിച്ചിരുന്നു. എന്നാല് കടകളിലൂടെയും ബേക്കറികളിലൂടെ ഹോര്ട്ടി വൈന് വില്ക്കുന്ന കാര്യത്തില് സര്ക്കാരിന് ആശങ്കയുണ്ട്. പുതിയ എക്സൈസ് കമ്മീഷണര് ചുമതലയേറ്റെടുത്ത് രണ്ട് ദിവസത്തിനകമാണ് ഈ ഓര്ഡര് വന്നത്. സാങ്കേതികമായി ആ ഫയല് മന്ത്രിയുടെ മുന്നില് വരണമെന്നില്ല. എന്നാല്, മന്ത്രിയെ ഉള്പ്പെടെ അറിയിച്ചിട്ടുവേണമായിരുന്നു ഇക്കാര്യത്തില് തീരുമാനമെടുക്കാന്' മന്ത്രി പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























