കരിക്കന് വില്ല കൊലക്കേസ് : 'മദ്രാസിലെ മോന്' എന്ന വെളിപ്പെടുത്തലിലൂടെ പ്രതിയെപ്പറ്റി സൂചന നല്കിയ ഗൗരിയമ്മ യാത്രയായി

തിരുവല്ല മീന്തലക്കര ഗ്രാമത്തിന് നടുക്കുന്ന ഓര്മയായി മാറിയ കരിക്കന് വില്ല ദമ്പതി വധക്കേസിലെ മുഖ്യസാക്ഷിയായ മഞ്ഞാടി കുതിരിക്കാട്ട് മലയില് ഗൗരിയമ്മ (98) മരിച്ചു. 1980 ഒക്ടോബര് 6-ന് നടന്ന കരിക്കന് വില്ല കൊലപാതകത്തിന് 'മദ്രാസിലെമോന്' എന്ന വെളിപ്പെടുത്തലിലൂടെ കേസിന് തുമ്പുണ്ടാക്കിയത് ഗൗരിയമ്മ ആയിരുന്നു. വാര്ധക്യസഹജമായ അസുഖത്തെ തുടര്ന്ന് ഏറെ നാളായി കിടപ്പിലായിരുന്ന അവര് വൈകിട്ട് നാലിന് കൊച്ചുമകള് മിനിയുടെ വസതിയിലാണ് മരിച്ചത്.
ഏറെക്കാലം കുവൈത്തില് ജോലി ചെയ്തു നാട്ടിലെത്തിയ മക്കളില്ലാത്ത കെ.സി.ജോര്ജ് (63), ഭാര്യ റേച്ചല് (കുഞ്ഞമ്മ - 56) എന്നിവരാണ് കൊല്ലപ്പെട്ടത്. മീന്തലക്കര ക്ഷേത്രത്തിനു സമീപം കരിക്കന് വില്ലയില് താമസിച്ചിരുന്ന ഇവര്ക്ക് പുറംലോകവുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു ജോര്ജിനെയും റേച്ചലിനെയും കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. ഇരുവര്ക്കും കുത്തേറ്റിരുന്നു. കത്തി റേച്ചലിന്റെ വയറ്റില് തറച്ചിരുന്നു. മേശപ്പുറത്തു 4 ചായക്കപ്പുകളുണ്ടായിരുന്നു.
ഗൗരിയെ പൊലീസ് ചോദ്യം ചെയ്തപ്പോള് തലേന്നു വൈകിട്ടു താന് ജോലികഴിഞ്ഞു പോകാന് തുടങ്ങുമ്പോള് 4 പേര് കാറില് വന്നിരുന്നെന്നും വന്നവര്ക്കു ചായയുണ്ടാക്കാന് റേച്ചല് പറഞ്ഞതായും ഗൗരി മൊഴിനല്കി. റേച്ചല് തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത്. 'മദ്രാസിലെ മോന്' ആണു വന്നതെന്ന് റേച്ചല് തന്നോടു പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കരിക്കന്വില്ല കൊലക്കേസിനു തുമ്പുണ്ടാക്കിയത്.
കൊല്ലപ്പെട്ട ജോര്ജിന്റെ ഒരു ബന്ധുവും കറുകച്ചാല് സ്വദേശിയുമായ റെനി ജോര്ജ് ചെന്നൈയില് പഠിക്കുന്നുണ്ടായിരുന്നു. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസന് ഗുലാം മുഹമ്മദ്, മലേഷ്യന് സ്വദേശി ഗുണശേഖരന്, കെനിയക്കാരനായ കിബ്ലോ ദാനിയല് എന്നീ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്തമായി. റെനിയും ഹസനും ആദ്യം പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാന് കിണഞ്ഞു ശ്രമിച്ച കിബ്ലോ കീഴടങ്ങി.
ചെന്നൈയില് എയ്റോനോട്ടിക്കല് എന്ജിനീയറിങ് വിദ്യാര്ഥികളായിരുന്നു ഇവര്. പ്രതികളെ 1982 ജനുവരി ഒന്നിനു കോട്ടയം സെഷന്സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാര്ച്ച് 21-നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും വാസം. കെനിയക്കാരനായ കിബ്ലോയെ ഡല്ഹി തിഹാര് ജയിലിലേക്കു മാറ്റി. ജയില്വാസം 1995 ജൂണില് പൂര്ത്തിയായി. ആഗസ്റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി. ഇവര് ശിക്ഷ കഴിഞ്ഞ് തിരുവല്ല പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. കേസന്വേഷണത്തിനു ചുക്കാന്പിടിച്ച എസ്പി ഗോപിനാഥ്, സിഐ എ.കെ.ആചാരി, എസ്ഐ അബ്ദുല് കരിം എന്നിവര് കാലയവനികയ്ക്കുള്ളില് മറഞ്ഞു.
ജോര്ജ് ജയില്വാസകാലത്തു തന്നെ മുഖ്യപ്രതിയായ റെനി മാനസ്സാന്തരപ്പെട്ടിരുന്നു. പരോളിലിറങ്ങുന്ന സമയങ്ങളില് സുവിശേഷ പ്രചാരകനായി. 14 വര്ഷവും 9 മാസവും ജയിലില് കിടന്ന റെനി ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള് പൂര്ണമായും മാറിയിരുന്നു. സുവിശേഷ യോഗങ്ങളില് മുഖ്യ പ്രസംഗകനായി. ഇപ്പോള് വിവാഹിതനും കുടുംബസ്ഥനുമായ റെനി തടവുകാരുടെ മക്കള്ക്ക് സംരക്ഷണം നല്കുന്ന പ്രസ്ഥാനത്തിന്റെ ചുമതലക്കാരനാണ്.
കരിക്കന് വില്ല സംഭവത്തിന്റെ പശ്ചാത്തലത്തില് രാഗം മൂവീസ് 1981-ല് 'മദ്രാസിലെ മോന്' എന്ന സിനിമ നിര്മിച്ചു. രവീന്ദ്രനായിരുന്നു നായകന്.
https://www.facebook.com/Malayalivartha


























