യന്ത്രഭാഗം ആന്ജിയോഗ്രാമിനിടെ ഹൃദയ വാല്വില് തറഞ്ഞുകയറി വീട്ടമ്മ മരിച്ചു

തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില് ആന്ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്വില് തറഞ്ഞു കയറിയതിനെ തുടര്ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴിഞ്ഞ മാസം 4-ാം തീയതി് ആയിരുന്നു തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില് ആന്ജിയോഗ്രാം നടത്തിയത്. ചിങ്ങോലി ആരാധനയില് അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) ചൊവ്വ രാത്രി മരിച്ചത്.
ഉപകരണം ചികിത്സയ്ക്കിടെ ഒടിഞ്ഞതായി ആശുപത്രി അധികൃതര് അറിയിച്ചിരുന്നു. അതിനെ തുടര്ന്ന് ബിന്ദുവിനെ മറ്റൊരു ആശുപത്രിയില് എത്തിച്ച് ഉപകരണത്തിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആശുപത്രിയില്നിന്നെത്തി വീട്ടില് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി അസ്വസ്ഥത ഉണ്ടായി. ആശുപത്രിയില് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.
ജില്ലാ പൊലീസ് മേധാവിക്ക് തട്ടാരമ്പലത്തിലെ ആശുപത്രിയിലുണ്ടായ സംഭവത്തെപ്പറ്റി ബന്ധുക്കള് പരാതി നല്കിയിരുന്നു. സംഭവത്തില് പൊലീസ് അന്വേഷണം തുടങ്ങി. ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ നല്കാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതര് ബന്ധുക്കളെ അറിയിച്ചു. ഉപകരണം ഒടിഞ്ഞു വീഴുന്നത് അപൂര്വമായി സംഭവിക്കുന്നതാണെന്നും വിശദീകരിച്ചു.
മസ്കത്തില് നിന്ന് ഭാര്യയുടെ രോഗവിവരം അറിഞ്ഞ് എത്തിയ ഭര്ത്താവ് അജിത് റാം ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റീന് കേന്ദ്രത്തിലാണ്. കാലാവധി കഴിയാന് 3 ദിവസം കൂടിയുണ്ട്. ബിന്ദുവിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്ച്ചറിയിലാണ്. മക്കള്: ആദര്ശ് റാം, ദര്ശന റാം, മരുമക്കള്: ശ്രീദേവി (അസി.എന്ജിനീയര്, ചിങ്ങോലി പഞ്ചായത്ത്), അരവിന്ദ് (ന്യൂസിലന്ഡ്).
https://www.facebook.com/Malayalivartha


























