സങ്കടക്കടല് ബാക്കിയാക്കി... അവളെ ഞാന് കണ്ടു, അവളങ്ങനെ കിടക്കുന്നതു സഹിക്കാന് കഴിയുന്നില്ല, എന്റെ മോള് രക്ഷപ്പെടില്ല... എന്റെ ദേവു ഇല്ലാത്ത ലോകത്തു ഞാനുണ്ടാകില്ല... അവള്ക്കു മുന്നേ ഞാന് പോകും...'- വേദനയായി ആ അച്ഛന്റെ വാക്കുകള്

അവളെ ഞാന് കണ്ടു, അവളങ്ങനെ കിടക്കുന്നതു സഹിക്കാന് കഴിയുന്നില്ല, എന്റെ മോള് രക്ഷപ്പെടില്ല... എന്റെ ദേവു ഇല്ലാത്ത ലോകത്തു ഞാനുണ്ടാകില്ല... അവള്ക്കു മുന്നേ ഞാന് പോകും...'- കഴിഞ്ഞ ദിവസം രാത്രി ജ്യേഷ്ഠസഹോദരന് രേജുവിനോടും (വല്യമ്മയുടെ മകന്) കുഞ്ഞമ്മ രാധയോടും ഫോണില് ചന്ദന(ദേവു)യുടെ പിതാവ് ചന്ദ്രബാബു ഇതു പറയുമ്പോഴും ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല.രാത്രി ചന്ദ്രബാബുവിനെ ആശ്വസിപ്പിച്ച് രാവിലെ 7 മണിയോടെ രേജുവും രണ്ടു ബന്ധുക്കളും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില് എത്തിയപ്പോഴാണ് ചന്ദ്രബാബു പറഞ്ഞത് വെറും സങ്കടമായിരുന്നില്ലെന്ന വിവരം അവര് ഞെട്ടലോടെ അറിഞ്ഞത്.
കഴിഞ്ഞ വര്ഷം ഉത്സവത്തിനിടെ മേളക്കാര്ക്കൊപ്പം നൃത്തം ചെയ്ത ദൃശ്യങ്ങള് നവ മാദ്ധ്യമങ്ങളില് വൈറലായതോടെയാണ് ദേവു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെയും ശ്രദ്ധ നേടി. ചികത്സയ്ക്കു ലക്ഷക്കണക്കിന് രൂപ ചെലവുവന്നതോടെ ദേവുവിന്റെ അവസ്ഥ വാര്ത്തയാവുകയും സുമനസുകള് സഹായിക്കുകയും ചെയ്തിരുന്നു. ചികിത്സ തുടര്ന്നിട്ടും ചന്ദനയുടെ അവസ്ഥയില് പുരോഗതിയുണ്ടായില്ല.
വെന്റിലേറ്ററില് ആക്കിയശേഷം അമ്മ രജിതയെ മാത്രമേ കുട്ടിയെ കാണിച്ചിരുന്നുള്ളൂ. ചന്ദ്രബാബുവും ആശുപത്രിയില്ത്തന്നെ ഉണ്ടായിരുന്നു. മകളെ കാണണമെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ബഹളം വച്ചതിനെ തുടര്ന്നാണ് ചന്ദ്രബാബുവിനെ കാണിച്ചത്. അതിനുശേഷം താങ്ങാനാവാത്ത വിഷമത്തിലായിരുന്നു. രാത്രി പലതവണ സഹോദരന്മാരെയും കുഞ്ഞമ്മമാരെയും വിളിച്ച് മകളുടെ കാര്യം പറഞ്ഞു കരഞ്ഞു. ചന്ദ്ര ബാബുവിന്റെ ഏക മകളാണ് ദേവു. രണ്ടാമത്തെ മകള് പിറന്നതിന്റെ രണ്ടാംനാള് തിരുവനന്തപുരം എസ്.എ.ടിയില് വച്ച് മരിച്ചതോടെ അച്ഛന്റെ മുഴുവന് സ്നേഹവും ദേവുവിലേക്കൊഴുകി. ഡാന്സ് പഠിച്ചിട്ടില്ലെങ്കിലും ദേവുവിന്റെ നൃത്തം എല്ലാവര്ക്കും ഇഷ്ടമായിരുന്നു. മകളുടെ പെട്ടെന്നുണ്ടായ അസുഖവും രക്ഷപ്പെടാന് സാദ്ധ്യതയില്ലെന്ന ഡോക്ടര്മാരുടെ അഭിപ്രായവും ചന്ദബാബുവിനെ തളര്ത്തിക്കളഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു നല്ലൊരു ചിത്രകാരനുമാണ്.
നൂറനാട് പുത്തന്വിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് സാമൂഹിക മാദ്ധ്യമങ്ങളില് താരമായ ചന്ദന (ദേവു-9) ആണ് ചികിത്സയില് കഴിയുന്നത്. ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേതില് കിഴക്കേക്കര വീട്ടില് ബി. ചന്ദ്രബാബു (42)വിനെയാണ് ഇന്നലെ രാവിലെ എസ്.എ.ടി ആശുപത്രിയുടെ നഴ്സിംഗ് ഹോസ്റ്റലിനു സമീപത്തെ മരക്കൊമ്പില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ചന്ദനയുടെ നില ഗുരുതരമാണെന്ന് ചൊവ്വാഴ്ച വൈകിട്ട് ഡോക്ടര്മാര് അറിയിച്ചശേഷം ചന്ദ്രബാബു മകളെ സന്ദര്ച്ചിരുന്നു.-------
https://www.facebook.com/Malayalivartha

























