കത്തിച്ചതിന് പിന്നിലെന്ത്... സ്വപ്ന സുരേഷിന്റെ ദുരൂഹത നിറഞ്ഞ ജീവിതം പൊളിച്ചടുക്കാന്‍ എന്‍ഐഎ; ഒന്നരവര്‍ഷത്തിലേറെ കാലം സ്വപ്ന വാടകയ്ക്ക് താമസിച്ചിരുന്ന പി.ടി.പി. നഗറിലെ വീടിനെ ചുറ്റിപ്പറ്റി അന്വേഷണം മുറുകുന്നു; ഈ വീട്ടില്‍നിന്ന് താമസം മാറുന്നതിന് മുമ്പ് സ്വപ്ന ചില തെളിവുകള്‍ നശിപ്പിച്ചതായി സൂചന

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ദുരൂഹത നിറഞ്ഞ ജീവിതത്തിന് പിന്നില്‍ എന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഐഎ. അതിനാണ് സ്വപ്നയേയും കൊണ്ട് തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിയത്. നേരത്തെ താമസിച്ച വീട്ടില്‍നിന്നും എന്‍.ഐ.എ.യ്ക്ക് സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണ് സൂചന. കഴിഞ്ഞദിവസം സ്വപ്നയുമായി എന്‍.ഐ.എ. സംഘം നടത്തിയ തെളിവെടുപ്പില്‍ സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന സംബന്ധിച്ച തെളിവുകളടക്കം ലഭിച്ചെന്നാണ് വിവരം. അതേസമയം, ഈ വീട്ടില്‍നിന്ന് താമസം മാറുന്നതിന് മുമ്പ് സ്വപ്ന ചില തെളിവുകള്‍ നശിപ്പിച്ചതായും സംശയമുണ്ട്.
തിരുവനന്തപുരം പി.ടി.പി. നഗറിലെ വീട്ടിലാണ് സ്വപ്നയും കുടുംബവും ഒന്നരവര്‍ഷത്തിലേറെ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇക്കാലയളവില്‍ ഇവര്‍ക്കെതിരേ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നതായി അയല്‍ക്കാര്‍ തന്നെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു.
22 മാസമാണ് സ്വപ്നയും കുടുംബവും ഇവിടെ താമസിച്ചിരുന്നത്. പലപ്പോഴും രാത്രി വൈകി സന്ദര്‍ശകര്‍ എത്തിയിരുന്നു. സന്ദീപും സരിത്തും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറും സ്ഥിരമായി വന്നുപോയിരുന്നു. സ്‌റ്റേറ്റ് കാറിലാണ് ശിവശങ്കര്‍ വന്നിരുന്നത്. സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ഡെപ്യൂട്ടി കളക്ടറാണെന്നും ഐടി ജീവനക്കാരനാണെന്നുമാണ് പലരോടും പറഞ്ഞിരുന്നത്. മെയ് 30നാണ് സ്വപ്ന വീട് മാറിപ്പോയതെന്നും റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.
സ്വപ്നയുടെ വീട്ടില്‍ രാത്രി വൈകി ആഘോഷപരിപാടികള്‍ നടക്കാറുണ്ടെന്നും സമീപവാസികള്‍ പറഞ്ഞു. പലപ്പോഴും ഇക്കാര്യത്തില്‍ അവരെ വിലക്കേണ്ട സാഹചര്യവുമുണ്ടായി. മെയ് 30നാണ് സ്വപ്നയും കുടുംബവും പി.ടി.പി. നഗറിലെ വീട്ടില്‍നിന്നും താമസം മാറ്റിയത്.
അതിനിടെ, വീട് മാറുന്നതിന് മുമ്പ് സ്വപ്നയും ഭര്‍ത്താവും ചില കടലാസുകള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ചിലര്‍ പറഞ്ഞു. രണ്ട് ദിവസങ്ങളിലായാണ് പലതും കത്തിച്ചിരുന്നത്. ചോദിച്ചപ്പോള്‍ മാലിന്യമാണെന്നാണ് പറഞ്ഞതെന്നും സ്വപ്നയുടേത് തികച്ചും ദുരൂഹത നിറഞ്ഞ ജീവിതമായിരുന്നുവെന്നും സമീപവാസികള്‍ പ്രതികരിച്ചു. വീട് മാറുന്നതിന് മുമ്പ് സ്വപ്നയും ഭര്‍ത്താവും കത്തിച്ചുകളഞ്ഞത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകളാണോ എന്നതാണ് നിലവിലെ സംശയം. ഇതേക്കുറിച്ചും അന്വേഷണസംഘം വിശദമായി അന്വേഷണം നടത്തുമെന്നാണ് സൂചന.
അതേസമയം ഫൈസല്‍ ഫരീദ് ദുബായില്‍ പിടിയിലായതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരും. സ്വര്‍ണക്കടത്തിന് ഡമ്മി ബാഗ് എന്ന ആശയം ഉണ്ടാക്കിയത് ഫൈസല്‍ ഫരീദാണെന്നാണ് എന്‍.ഐ.എ.ക്കു കിട്ടിയ വിവരം. യു.എ.ഇ.യില്‍ അറസ്റ്റിലായശേഷം നടന്ന പ്രാഥമിക ചോദ്യംചെയ്യലില്‍ ദുബായ് പോലീസിനോടും ഇക്കാര്യം ഫൈസല്‍ സമ്മതിച്ചതായാണു സൂചന. ഫൈസലിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതോടെ ഇതില്‍ വ്യക്തതവരും.
കഴിഞ്ഞവര്‍ഷം ജൂണിലാണ് ഫൈസലും സംഘവും ഡമ്മി ബാഗ് പരീക്ഷണം തുടങ്ങിയത്. നയതന്ത്ര ബാഗേജിനൊപ്പം അയച്ച ഈ ഡമ്മി ബാഗുകള്‍ പിടിക്കപ്പെടാതായതോടെ സ്വര്‍ണം ഒളിപ്പിച്ച് ഇത്തരം ബാഗുകള്‍ അയക്കാന്‍ തുടങ്ങി. 20ലേറെ തവണയായി 230 കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ ഫൈസല്‍ ദുബായില്‍നിന്ന് കേരളത്തിലേക്കു കടത്തിയതെന്നാണ് അറിയുന്നത്.
നയതന്ത്ര ബാഗേജുകളുടെ ക്ലിയറന്‍സില്‍ പരിചയസമ്പന്നരായ സ്വപ്നയെയും സരിത്തിനെയും സ്വര്‍ണക്കടത്തിന് ഉപയോഗിക്കുമ്പോഴും അതീവ ശ്രദ്ധയിലായിരുന്നു ഫൈസലെന്നാണ് എന്‍.ഐ.എ.ക്കു ലഭിച്ച വിവരം. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കടത്തിനുമുമ്പ് കൃത്യമായ മുന്നൊരുക്കംവേണമെന്ന കണക്കുകൂട്ടലിലാണ് ഫൈസല്‍ ഡമ്മി ബാഗ് പരീക്ഷിച്ചത്. വ്യാജമുദ്രയുള്ള ഡമ്മി ബാഗ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തെത്തിക്കാന്‍ കഴിഞ്ഞതോടെയാണ് സ്വര്‍ണക്കടത്തിന് തുടക്കം കുറിച്ചത്.
https://www.facebook.com/Malayalivartha



























