പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പോഷകാഹാരക്കുറവും വിളർച്ചയും മൂലം രണ്ട് വയസ്സുകാരൻ രാഹുൽ മരണമടഞ്ഞ സംഭവത്തിൽ, സ്വന്തം പിതാവിനെതിരെ വിരൽ ചൂണ്ടുകയാണ് നാട്ടുകാരും ജനപ്രതിനിധികളും. സർക്കാരും സ്കൂളും പട്ടിണി മാറ്റാൻ കുഞ്ഞുങ്ങൾക്ക് നൽകിയ സൗജന്യ അരി, സ്വന്തം അച്ഛൻ മദ്യപിക്കാനായി ഹോട്ടലിൽ മറിച്ചുവിറ്റു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കാർത്തികപ്പള്ളി ഒൻപതാം വാർഡ് അംഗം വിനീതാണ് ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം കുട്ടികൾക്കായി ലഭിച്ച 20 കിലോ അരിയിൽ വലിയൊരു പങ്കും പിതാവ് രാജേഷ് പ്രദേശത്തെ ഒരു ഹോട്ടലിന് വെറും 500 രൂപയ്ക്കാണ് വിറ്റത്. ക്രൂരമായ ഈ അനാസ്ഥയുടെ ഇരയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ കുഞ്ഞ് രാഹുൽ. രാജേഷ് കടുത്ത മദ്യപാനിയാണെന്നും, കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയ ഞായറാഴ്ച രാവിലെയും ഇയാൾ മദ്യപിച്ചിരുന്നതായും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. അമ്മ പ്രസവത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആയതിനാൽ വീട്ടിൽ കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്.
രാജേഷ്-താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായിരുന്നു രാഹുൽ. പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ അഥവാ രക്തക്കുറവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. കുഞ്ഞിന്റെ മരണത്തെത്തുടർന്ന് ബാക്കിയുള്ള നാല് കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തിരിക്കുകയാണ്. പട്ടിണി മാറ്റാൻ കിട്ടിയ ആഹാരം പോലും മദ്യത്തിനായി വിറ്റഴിച്ച ഒരച്ഛന്റെ ക്രൂരതയിൽ ഒരു കുരുന്നു ജീവനാണ് ഇല്ലാതായത്.
https://www.facebook.com/Malayalivartha


























