രോഗവ്യാപന ആശങ്കയില്‍ സംസ്ഥാനം... തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 14 രോഗികള്‍ക്കും 10 കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്

സംസ്ഥാനത്താകെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം വലിയ ആശങ്കയാണുണ്ടാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന 14 രോഗികള്‍ക്കും 10 കൂട്ടിരിപ്പുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയാ വാര്‍ഡില്‍ നിന്നുണ്ടായ വ്യാപനത്തെത്തുടര്‍ന്ന് കൂടുതല്‍ വിഭാഗങ്ങള്‍ അടച്ചിടല്‍ ഭീഷണിയിലാണ്.
7 ഡോക്ടര്‍മാരടക്കം 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരുന്നു ഇന്നലെവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പുറമെയാണ് 14 രോഗികള്‍ക്കും 10 കൂട്ടിരിപ്പുകാര്‍ക്കും ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
വൃക്കരോഗികള്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍ അടക്കം കഴിഞ്ഞ വാര്‍ഡിലാണ് രോഗബാധയുണ്ടായത് എന്നതാണ് പ്രശ്നം. ഇനിയും കൂടുതല്‍ പേരുടെ ഫലം വരാനുണ്ട്. 17,18,19 വാര്‍ഡുകള്‍ അടച്ചു. അതേസമയം ഔദ്യോഗിക കണക്കുകള്‍ നല്‍കാനാവില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ നിലപാട്.
കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രികളിലും സമാന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരിശോധനക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഏഴാം വാര്‍ഡ് ഉള്‍പ്പെടുന്ന നേത്രരോഗ വിഭാഗം അടച്ചു. ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. അസ്ഥിരോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 പേരും നിരീക്ഷണത്തിലാണ്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 25 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 55 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗം വാര്‍ഡ് അടച്ചു. എന്നാല്‍ നിലവില്‍ വാര്‍ഡിലുള്ള രോഗികള്‍ തുടരും. ഒ.പി യ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 24 പേര് നിരീക്ഷണത്തിലാണ്.
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറെയും പിജി വിദ്യാര്ത്ഥിയെയുംരോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ ജോലിചെയ്ത 50 ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. കൊവിഡ് ഇതര ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കക്കൊപ്പം, ശസ്ത്രക്രിയ കഴിഞ്ഞവരും ചികിത്സക്കെത്തുന്നവരും അടക്കമുള്ളവരിലേക്ക് വ്യാപനം തുടരുന്നത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha



























