സ്വപ്ന മുന്‍ ജ്വല്ലറി ഉടമയെ ഏല്പിച്ചത് 40 ലക്ഷം അടങ്ങിയ ബാഗ്, സരിത്തിന്റെ വീട്ടില്‍നിന്നു ബാഗ് കണ്ടെടുക്കുമ്പോള്‍ 26 ലക്ഷം രൂപ കുറവ്

സംസ്ഥാനം വിടും മുന്‍പ് സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ആലപ്പുഴയിലെ മുന്‍ ജ്വല്ലറി ഉടമയെ ഏല്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗ് ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ബാഗില്‍ നിന്നും 26 ലക്ഷം രൂപ കാണാതായി. സരിത്തിന്റെ വീട്ടില്‍നിന്നു ബാഗ് കണ്ടെടുക്കുമ്പോള്‍ അതിലുണ്ടായിരുന്നത് 14 ലക്ഷം രൂപ മാത്രം.
ആലപ്പുഴയിലെ മുന്‍ ജ്വല്ലറി ഉടമ സ്വപ്നയും കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ്. വാര്‍ത്താ ചാനലുകള്‍ക്കു കൈമാറാനുള്ള ശബ്ദരേഖയും സ്വപ്ന ഇയാളെയാണ് ഏല്‍പിച്ചതെന്നാണു സൂചന. അന്വേഷണ സംഘം ഇയാളുടെ മൊഴിയെടുക്കും.
മുന്‍ ജ്വല്ലറി ഉടമയുടെ പക്കല്‍ നിന്നും ബാഗ് സരിത്തിന്റെ വീട്ടിലെത്തിയത് സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ്. സ്വര്‍ണക്കടത്തിനു പണം മുടക്കിയ ആരെങ്കിലും ബാഗ് സരിത്തിന്റെ വീട്ടില്‍ ഒളിപ്പിക്കും മുന്‍പ് തുക എടുത്തിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
സ്വപ്നയുടെ മക്കളെ ജ്വല്ലറി ഉടമയുടെ വീട്ടിലാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സ്വപ്നയും കുടുംബവും വര്‍ക്കലയിലെ ഒളിത്താവളത്തില്‍ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാല്‍, മക്കള്‍ അവിടെ തങ്ങുന്നതു സുരക്ഷിതമല്ലെന്നറിയിച്ച് ഇവര്‍ക്കായി എറണാകുളത്തു ഹോട്ടല്‍ ബുക്ക് ചെയ്തു.
https://www.facebook.com/Malayalivartha



























