സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ: അവ്യക്തതയ്ക്ക് 2 ദിവസത്തിനകം പരിഹാരമാകുമെന്ന് മന്ത്രി

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അനുമതി നല്കി സര്‍ക്കാര്‍ 6-ാം തീയതി ഉത്തരവു പുറപ്പെടുവിച്ചെങ്കിലും വ്യക്തത ഇല്ലാത്തതിനാല്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടില്ല. അവ്യക്തതയ്ക്കു 2 ദിവസത്തിനകം പരിഹാരം കാണുമെന്നു മന്ത്രി കെ. കെ. ശൈലജ ഉറപ്പ് നല്കി.
കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റുകളുമായി മന്ത്രി ശൈലജ ചര്‍ച്ച നടത്തിയത്.
കോവിഡ് ചികിത്സ നടത്തണമെങ്കില്‍ പ്രത്യേക പ്രവേശന കവാടം വേണമെന്നും കുറഞ്ഞത് 20 കിടക്കകള്‍ നീക്കിവയ്ക്കണമെന്നുമുള്ള തീരുമാനത്തില്‍ മാറ്റമില്ല. കോവിഡ് കണ്ടെത്താനുള്ള പിസിആര്‍ പരിശോധനയ്ക്കു 2750 രൂപയും ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും ഈടാക്കണമെന്ന ഉത്തരവ് സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമായിരിക്കും.
ചികിത്സ നടത്തുന്ന എല്ലാ ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ അനുമതി വേണമെന്ന് മാനേജ്മെന്റുകളുടെ ആവശ്യം പരിശോധിക്കും. രോഗികള്‍ ഏത് ആശുപത്രിയില്‍ പോകണമെന്ന് സര്‍ക്കാരാണ് ഇപ്പോള്‍ തീരുമാനിക്കുന്നത്. ഇനി രോഗികള്‍ക്ക് സ്വകാര്യ ആശുപത്രി തിരഞ്ഞെടുക്കാം. അതത് ആശുപത്രികള്‍ നിശ്ചയിക്കുന്ന നിരക്കു നല്‍കണം.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) അംഗങ്ങള്‍ക്കും സ്വകാര്യ ആശുപത്രിയില്‍ പോകുന്നതിനു തടസ്സം ഉണ്ടാകില്ല. കാസ്പില്‍ എംപാനല്‍ ചെയ്തിട്ടുള്ള 214 ആശുപത്രികളിലാണ് ഇവര്‍ക്കു പ്രവേശം. കാസ്പ് അംഗങ്ങള്‍ക്കുള്ള ചികിത്സാ പാക്കേജ് മാനേജ്മെന്റുകള്‍ നേരത്തേ അംഗീകരിച്ചിട്ടുണ്ട്.
ദിവസ നിരക്ക്
ജനറല്‍ വാര്‍ഡ് കിടക്ക ഒന്നിന് - 2500 രൂപ
ജനറല്‍ വാര്‍ഡ് ഓക്സിജന്‍ ഉള്ള ബെഡ് - 3300
ഐസിയു - 6500
വെന്റിലേറ്റര്‍ - 11,500
പിപി കിറ്റ് ഒന്നിന് - 1000
https://www.facebook.com/Malayalivartha



























