സ്വപ്ന പോലും സ്വപനംകണ്ടു... സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് ഫൈസല്‍ ഫരീദെന്ന് പുറത്ത് വന്നപ്പോള്‍ ചുള്ളന്‍ പയ്യന്റെ നിഷ്‌ക്കളങ്കത ചൂണ്ടിക്കാട്ടി ചാനലുകള്‍; അന്വേഷണ സംഘം മുന്‍കാല ചെയ്തികള്‍ ചികഞ്ഞെടുത്തപ്പോള്‍ ആള് പുപ്പുലി; മത്സര കാറോട്ടം, ആഡംബരക്കാറുകളില്‍ ഹരം, വമ്പന്‍ ജിമ്മിന്റെ ഉടമ, സിനിമക്കാരുമായി അടുത്തബന്ധം

ദുബായിലെ യുവ ബിസിനസ്‌കാരനായ ഫൈസല്‍ ഫരീദില്‍ സ്വര്‍ണക്കടത്ത് കേസ് എത്തിയപ്പോള്‍ ചാനലുകള്‍ ഫൈസലിന്റെ വീടും ചുറ്റുപാടുമെല്ലാം കാണിച്ച് വാര്‍ത്ത നല്‍കി. ഇതിന് പിന്നാലെ ദുബായില്‍ നിന്നും ഫൈസല്‍ ഫരീദ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് തന്റെ നിഷ്‌ക്കളങ്കത വിവരിച്ചു. നിങ്ങള്‍ അന്വേഷിക്കുന്ന ഫൈസല്‍ ഞാനല്ലെന്നാണ് പറഞ്ഞത്. അതോടെ പാവം ചുള്ളന്‍ പയ്യനെ ക്രൂശിക്കുന്നെന്ന തോന്നലുണ്ടായി ആ വഴിക്കായി ചര്‍ച്ചകള്‍. എന്നാല്‍ അന്വേഷണ സംഘം പിന്നോട്ട് പോകാതെ അന്വേഷണം ശക്തമാക്കുകയും ഫൈസലിന്റെ മുന്‍കാല ചെയ്തികള്‍ അന്വേഷിക്കുകയും ചെയ്തു.
കാറോട്ട മത്സരങ്ങളില്‍ കമ്പക്കാരനായ ഫൈസലിന് ആഡംബരക്കാറുകളില്‍ ഹരമാണെന്ന് കണ്ടെത്തി. മാത്രമല്ല വമ്പന്‍ ജിമ്മിന്റെ ഉടമയും സിനിമക്കാരുമായി അടുത്ത ബന്ധവുമാണുള്ളത്. ഇതിനിടയിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം 4 ചെക്ക് കേസുകളുമുണ്ട്.
തൃശൂര്‍ കയ്പമംഗലം മൂന്നുപീടിക സ്വദേശിയായും 36 വയസുമുള്ള ഫൈസല്‍ ഫരീദിന്റെ പിതാവ് വര്‍ഷങ്ങളായി ദുബായിലായിരുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയിലായിരുന്നു ജോലി. ഫൈസല്‍ വളര്‍ന്നതും ഇവിടെത്തന്നെ. അറബിക് നന്നായി അറിയാം. സ്വദേശികളുമായി ഏറെ അടുപ്പം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നാട്ടിലായിരുന്നു. വീണ്ടും കുടുംബം ദുബായിലേക്ക്.
പിന്നീട് ഫൈസലിനു നാടുമായി കാര്യമായ ബന്ധമില്ല. മകന്‍ ബിസിനസില്‍ പച്ചപിടിച്ചതോടെ മാതാപിതാക്കള്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും ഫൈസലിന്റെ നാട്ടിലേക്കുള്ള വരവ് അപൂര്‍വമായിരുന്നു. എന്തെങ്കിലും ചടങ്ങുകള്‍ക്ക് എത്തിയാല്‍പോലും ഉടന്‍ മടങ്ങും. സൗഹൃദങ്ങളുമില്ല.
കാര്‍ പ്രേമിയായിരുന്നുവെങ്കിലും നാട്ടില്‍ വിലകൂടിയ കാറുകള്‍ വാങ്ങിയിടുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ നാട്ടില്‍ നിന്നു ഗള്‍ഫിലെത്തുന്ന ബന്ധുക്കള്‍ക്കു വമ്പന്‍ കാറുകളില്‍ യാത്ര ഒരുക്കിക്കൊടുത്തിരുന്നു.
പ്രോസോണ്‍ ഓയില്‍ ഫീല്‍ഡ് ആന്‍ഡ് നാച്വറല്‍ ഗ്യാസ് എന്ന സ്ഥാപനത്തില്‍ ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു ഫൈസലിന്. വീസയും ഈ സ്ഥാപനത്തിന്റെ പേരിലാണ്. സൗദിയിലും പാര്‍ട്ണര്‍ഷിപ്പില്‍ കമ്പനിയുണ്ടായിരുന്നു. എന്നാല്‍ എണ്ണവില ഇടിഞ്ഞതോടെ എല്ലാം പ്രതിസന്ധിയിലായി
മൊബൈല്‍ ഫോണ്‍ മൊത്ത വിതരണ കമ്പനിയില്‍ 7 വര്‍ഷം മുന്‍പു വരെ സെയില്‍സ്മാന്‍ ആയിരുന്നു. കുറെക്കാലം ചില കമ്പനികളുടെ പിആര്‍ഒ ആയും ജോലി ചെയ്തു. അതിനിടെ, കഴിഞ്ഞ വര്‍ഷം ഖിസൈസില്‍ കാര്‍ വര്‍ക്‌ഷോപ് തുടങ്ങി. സമ്പന്നര്‍ താമസിക്കുന്ന റാഷിദിയയില്‍ വില്ലയിലായിരുന്നു താമസവും.
സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി ചേര്‍ന്ന് ദുബായ് കരാമയില്‍ ഫൈസല്‍ ബിസിനസ് ചെയ്തിരുന്നു. കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷനലില്‍ റിക്കവറി സെക്ഷനില്‍ ജോലി ചെയ്തിരുന്ന സരിത്തുമായി സൗഹൃദത്തിലായെന്നും അങ്ങനെ ഒരുമിച്ചു സംരംഭം തുടങ്ങിയെന്നുമാണു സൂചന. 4 മലയാള സിനിമകളില്‍ ഫൈസല്‍ പണം മുടക്കിയതായി അറിയുന്നു. തെലുങ്ക് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തു. എന്നാല്‍, ഒന്നിലും പേരു വച്ചിട്ടില്ല.
സാമ്പത്തിക മാന്ദ്യത്തോടെ ഫൈസലിന്റെ എല്ലാ ബിസിനസുകള്‍ക്കും തിരിച്ചടി നേരിട്ടെന്ന് അടുപ്പക്കാര്‍ പറയുന്നു. ഇതിനിടയിലും ഏതാനും പേരുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഡംബര ജിം തുടങ്ങി. സിനിമ രംഗത്തുള്ളവരുമായുള്ള അടുപ്പം കാരണമാണു വന്‍ തുക ചെലവിട്ട് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിനെ ഉദ്ഘാടനത്തിന് കൊണ്ടുവന്നത്.
ഇപ്പോഴും ഫൈസലിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണു സൂചന. കാര്‍ വര്‍ക് ഷോപ്പിന് 2.60 ലക്ഷം രൂപ വാടക കുടിശികയുണ്ട്. ജോലിക്കാരില്‍ ചിലര്‍ക്ക് 3 മാസമായി മുഴുവന്‍ ശമ്പളം നല്‍കിയിട്ടില്ല. വാടക കുടിശികയുമായി ബന്ധപ്പെട്ട് 4 ചെക്ക് കേസുകളുമുണ്ട്. ഈ അന്വേഷണമാണ് അവസാനം ഫൈസലിനെ സ്വര്‍ണക്കടത്തു കേസിലെത്തിക്കുന്നത്. ഇതുള്‍പ്പെടെ ശക്തമായ തെളിവ് അന്വേഷണ സംഘം പുറത്ത് വിട്ടതോടെയാണ് ഫൈസലിനെ ദുബായ് പോലീസ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha



























