മറക്കാന്‍ ശ്രമിച്ചിട്ടും... സ്വര്‍ണക്കടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നാലാം പ്രതി സന്ദീപ് നായര്‍; സ്വര്‍ണക്കടത്തു കേസില്‍ എല്ലാം നിയന്ത്രിച്ചത് മാഡമാണ്; ശിവശങ്കര്‍ കസ്റ്റംസിന് നല്കിയ മൊഴി ഖണ്ഡിച്ച് സന്ദീപിന്റെ വെളിപ്പെടുത്തല്‍; ശിവശങ്കറിന് വീണ്ടും കുരുക്ക് മുറുകുന്നു

സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിക്കുകയാണ്. പ്രതികളെ ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്ത് സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ട മുഴുവന്‍ പേരേയും വെളിച്ചത്ത് കൊണ്ടു വരാനുള്ള ശ്രമത്തിലാണ് എന്‍ഐഎ. നാലാം പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്തപ്പോഴാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് വീണ്ടും കുരുക്ക് മുറുകിയത്.
ശിവശങ്കറുമായി പരിചയമുണ്ടായിരുന്നെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തിരുന്നത് സ്വപ്ന മാഡം ആയിരുന്നെന്നും സന്ദീപ് നായര്‍ മൊഴി നല്കി. സ്വപ്നയുടെ ഫ്ളാറ്റിലെ കൂടിക്കാഴ്ചയില്‍ ശിവശങ്കറെ പല തവണ കണ്ടിട്ടുണ്ടെന്നാണ് സന്ദീപിന്റെ വെളിപ്പെടുത്തല്‍. ആ സൗഹൃദ കൂട്ടായ്മയില്‍ താനും നാലുതവണ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്ളാറ്റില്‍ കാറില്‍ എത്തിച്ചിട്ടുണ്ടെന്നും സന്ദീപ് വെളിപ്പെടുത്തി. നാലുതവണയും ഫ്ളാറ്റില്‍ സരിത്തുമുണ്ടായിരുന്നു.
ശിവശങ്കര്‍ കസ്റ്റംസിന് നല്കിയ മൊഴി ഖണ്ഡിക്കുന്നതാണ് സന്ദീപിന്റെ ഈ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഒത്തുചേരലില്‍ പലതവണ ശിവശങ്കറുമുണ്ടായിരുന്നെ നിഗമനം സാധൂകരിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.
വിദേശത്തുനിന്ന് സ്വര്‍ണം കൊണ്ടുവരുന്നതുള്‍പ്പെടെ കാര്യങ്ങള്‍ സ്വപ്നക്കേ അറിയാമായിരുന്നുള്ളൂ. അത് റമീസിന് എത്തിക്കുന്ന ജോലി മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്നുമാണ് സന്ദീപ് പറയുന്നത്. എന്നാല്‍, ഇത് എന്‍.ഐ.എ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സ്വപ്നയും സരിത്തും നേരത്തെ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് സരിത് പറഞ്ഞത്. കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്നതു മുതല്‍ തനിക്ക് ശിവശങ്കറിനെ അറിയാമായിരുന്നെന്ന് സ്വപ്നയും മൊഴി നല്‍കിയിരുന്നു.
വര്‍ഷങ്ങളായി സ്വര്‍ണക്കടത്ത് സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന സന്ദീപുമായി അടുപ്പമുണ്ടെന്ന് തെളിഞ്ഞാല്‍ അത് ശിവശങ്കറിന്റെ പ്രതിരോധ വാദങ്ങളെ ദുര്‍ബലപ്പെടുത്തും. സന്ദീപാണ് സ്വര്‍ണക്കടത്തില്‍ സൂത്രധാരന്‍ എന്നാണ് എന്‍.ഐ.എ, കസ്റ്റംസ് അന്വേഷണത്തില്‍ ഇതുവരെയുള്ള സൂചന. അതിനാല്‍തന്നെ മൊഴികളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.
നയതന്ത്ര പാര്‍സല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ എല്ലാം നിയന്ത്രിച്ചിരുന്നത് സ്വപ്ന സുരേഷ് ആണെന്നും എത്തുന്ന സ്വര്‍ണം റമീസിന് നല്കുന്ന ജോലി മാത്രമാണ് തനിക്കുണ്ടായിരുന്നതെന്നുമുള്ള മൊഴിയാണ് സന്ദീപ് നായര്‍ നല്‍കിയിട്ടുള്ളത്.
ദുബൈയില്‍നിന്ന് സ്വര്‍ണം കയറ്റിയയക്കുന്ന രീതി സ്വപ്നക്ക് മാത്രമേ അറിയൂ എന്നും അവര്‍ തങ്ങള്‍ക്ക് മാഡം ആണെന്നുമാണ് സന്ദീപിന്റെ മൊഴി. മാഡം എന്നുതന്നെയാണ് സരിത്തും മൊഴി നല്‍കിയിട്ടുള്ളത്.
യു.എ.ഇ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതായ മൊഴിയും ലഭിച്ചിട്ടുണ്ട്. ചില ജീവനക്കാരെയും ഇതിനായി ഉപയോഗിച്ചതായി വ്യക്തമായി.
ചില ഡ്രൈവര്‍മാരില്‍ നിന്നും എന്‍.ഐ.എ മൊഴിയെടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ അറ്റാഷെയുടെ പങ്ക് സംബന്ധിച്ച കാര്യങ്ങളും വിശദമായി പരിശോധിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം താമസിച്ചിരുന്ന ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന നടന്നത്. എല്ലാം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ പുറത്ത് വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
https://www.facebook.com/Malayalivartha



























