തിരുവനന്തപുരത്ത് കീം (കേരള എഞ്ചിനിയറിംഗ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍) പ്രവേശന പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.... ആശങ്കയില്‍ തലസ്ഥാനം

തിരുവനന്തപുരത്ത് കീം (കേരള എഞ്ചിനിയറിംഗ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍) പ്രവേശന പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയിലെ സെന്ററില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് രോഗലക്ഷണമുണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയില്‍ ഒറ്റയ്ക്കാണ് പരീക്ഷയെഴുതിയത്. അതേസമയം രോഗലക്ഷണങ്ങളില്ലാതിരുന്ന പൊഴിയൂര്‍ സ്വദേശിക്കൊപ്പം തൈക്കാട് പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ക്വാറന്റൈന്‍ ചെയ്യും.
കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. ട്രിപ്പിള്‍ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വന്‍ വിവാദമായിരുന്നു.
പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലേയും വഴുതക്കാട് കോട്ടണ്‍ഹില്‍സ് സ്‌കൂളിലേയും പരീക്ഷാകേന്ദ്രങ്ങളില്‍ വന്‍ തിരക്കാണുണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും കാറ്റില്‍പ്പറത്തി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കമുള്ളവര്‍ കൂട്ടംകൂടി നില്‍ക്കുകയും നടന്നുവരുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ വലിയ വിവാദമായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇത് വ്യാപകചര്‍ച്ചയാവുകയും ചെയ്തു. ശശി തരൂര്‍ എംപി അടക്കമുള്ളവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പരീക്ഷാനടത്തിപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ ഇത്തരത്തില്‍ പരീക്ഷ നടത്തിയത് വലിയ വിമര്‍ശനങ്ങളും പ്രതിഷേധവുമുയര്‍ത്തിയിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കണ്ടാലറിയാവുന്ന 600 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ഇത്രയധികം കൊവിഡ് രോഗികളുണ്ടാകുന്നത്. ഇവരിലേറെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ് എന്നത് വലിയ തോതില്‍ ആശങ്കയ്ക്കും കാരണമാകുന്നു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 93 ശതമാനമാണെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം 182 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 170 പേരും സമ്പര്‍ക്കരോഗികളാണ്.
അതേസമയം, സംസ്ഥാനത്ത് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കൂടുതല്‍ പരിശോധന നടത്തും. തൃശൂര്‍ കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട എറണാകുളം ബ്രോഡ്‌വെ മാര്‍ക്കറ്റ് ഇന്ന് മുതല്‍ ഭാഗികമായി തുറക്കും. 50 ശതമാനം കടകള്‍ മാത്രമാകും തുറക്കുക.
https://www.facebook.com/Malayalivartha



























