സ്‌കൂളുകള്‍ സെപ്റ്റംബറിലും തുറക്കില്ല? തിരുമാനം ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തി മാത്രം; കീം പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികളില്‍ രോഗം സ്ഥിതികരിച്ചത് സര്‍ക്കാരിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു; സിലബസ് വെട്ടിചുരുക്കാന്‍ സാധ്യത

സംസ്ഥാനത്തെ സ്‌കുളുകള്‍ സെപ്റ്റംബറിലും തുറക്കുന്നതിനുള്ള സാധ്യത മങ്ങുന്നു. ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നത്. രോഗ വ്യാപനം വര്‍ധിക്കുകയും കണ്ടയിന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിക്കുന്നതും സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിനിടെ കീം പ്രവേശന പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികളില്‍ രോഗം സ്ഥിതികരിച്ചതോടെ സര്‍ക്കാരിന്റെ ആത്മവിശ്വാസത്തിനും മങ്ങലേറ്റിറ്റുണ്ട്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്‌കൂളുകള്‍ ഓണത്തിന് ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതാണ് പരിഗണിക്കുന്നത്. ഓണത്തിന് ശേഷമെങ്കിലും ഏതാനും സ്‌കൂളുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കാനാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് മാറ്റി വയ്ക്കനാണ് സാധ്യത.
ജൂലൈ അവസാനം വരെ സ്‌കൂളുകള്‍ തുറക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ജൂലൈ കഴിഞ്ഞാലും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയില്‍ അധ്യയനം ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് വലിയ ആശങ്കയ്ക്ക് കാരണം. 14 ജില്ലകളിലെയും കോവിഡ് വ്യാപനം ഒരുപോലെയല്ല. ജില്ലകള്‍ക്കുള്ളിലും വിവിധ പഞ്ചായത്തുകളില്‍ രോഗവ്യാപനത്തിന്റെ തീവ്രതയ്ക്ക് വ്യത്യാസമുണ്ട്. കേരളത്തിലെ ജനസാന്ദ്രതയും ഗ്രാമനഗര വ്യത്യാസം വലുതായില്ലാത്ത ഭൂപ്രകൃതിയും കണക്കിലെടുത്ത് ഗ്രാമപ്രദേശങ്ങളില്‍മാത്രമായി സ്‌കൂളുകള്‍ തുറക്കുക സാധ്യമല്ല.
സ്‌കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് ആലോചിക്കൂ. സ്‌കൂളുകള്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്. മഴകനത്താല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനും സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കേണ്ടിവരും. ഇങ്ങനെ ഉപയോഗിക്കുന്ന സ്‌കൂളുകളുടെ ശുചീകരണം, അണുനശീകരണം, അറ്റകുറ്റപണികള്‍ എന്നിവ പൂര്‍ത്തിയാക്കിയാലേ തുറക്കാനാകൂ. സംസ്ഥാനത്തിപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ കീഴിലുള്ള വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് അധ്യയനം നടക്കുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ അധ്യയനത്തിനു ന്യൂനതകളുണ്ടെന്നാണ് പല മാതാപിതാക്കളും അഭിപ്രായപ്പെടുന്നത്.
അതേസമയം, സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ മാനദണ്ഡം പ്രഖ്യാപിച്ചേക്കും. ജൂലൈ വരെ അടഞ്ഞുകിടക്കണം എന്നതു ഓഗസ്റ്റിലേക്ക് നീട്ടാനാണ് സാധ്യത. രാജ്യത്തും കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഓഗസ്‌റ്റോടെ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha



























