കൊവിഡ് വ്യാപനത്തെ തുടർന്ന് കൊച്ചിയിൽ കൂടുതൽ നിയന്ത്രണങ്ങൾ...തമ്മനം ഉൾപ്പെടുന്ന കോർപ്പറേഷൻ 45 ഡിവിഷൻ, കടമക്കുടി പഞ്ചായത്തിലെ രണ്ടാം വാർഡ്, ആലങ്ങാട് വാർഡ് 15, എടത്തല പഞ്ചായത്തിലെ വാർഡ് 21 എന്നിവ അടച്ചു

കൊവിഡ് വ്യാപനത്തെ തുടർന്ന് കൊച്ചിയിൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തി ജില്ലാ ഭരണകൂടം. അഞ്ച് മേഖലകൾ കൂടി കണ്ടൈന്മെന്റ് സോണിൽ ഉൾപ്പെടുത്തി. തമ്മനം ഉൾപ്പെടുന്ന കോർപ്പറേഷൻ 45 ഡിവിഷൻ, കടമക്കുടി പഞ്ചായത്തിലെ രണ്ടാം വാർഡ്, ആലങ്ങാട് വാർഡ് 15, എടത്തല പഞ്ചായത്തിലെ വാർഡ് 21 എന്നിവ അടച്ചു.
പാടി വട്ടം മേഖല ഉൾപ്പെടുന്ന നഗരസഭ ഡിവിഷൻ 41 മൈക്രോ കണ്ടൈന്മെന്റ് സോണായും പ്രഖ്യാപിച്ചു. അതേ സമയം എറണാകുളം മാർക്കറ്റ്, തൃക്കാക്കര (33), മുളവുകാട് (3) ,ചൂർണിക്കര (15) എന്നീ മേഖലയെ കണ്ടൈന്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
ജില്ലയിൽ ശനിയാഴ്ച മൂന്നുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചിരുന്നു . അഞ്ചിന് ജിബൂട്ടിയിൽനിന്ന് എത്തിയ തമ്മനം സ്വദേശി (49), 11ന് കുവൈറ്റിൽനിന്ന് എത്തിയ എളമക്കര സ്വദേശി (22), 18ന് കോവിഡ് സ്ഥിരീകരിച്ച കളമശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിൽ വന്ന വെങ്ങോല സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ (38) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം നൂറ്റിപ്പതിനേഴായി. എട്ടിന് രോഗം സ്ഥിരീകരിച്ച എടത്തല സ്വദേശിനിയുടെ അസുഖം സുഖപ്പെട്ടു
അതേസമയം കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 20 ദിവസമായി അടച്ചിട്ടിരുന്ന എറണാകുളം മാർക്കറ്റ് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. കൊവിഡ് നിബന്ധനകൾക്ക് വിധേയമായി ഭാഗികമായാണ് തുറക്കുക
50 ശതമാനം കടകൾ മാത്രമായിരിക്കും ഒരു ദിവസം തുറന്നു പ്രവർത്തിക്കുക.
അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന പഴം, പച്ചക്കറി, പലചരക്കുകൾ എന്നിവ ഇറക്കുന്നതിന് രാവിലെ 4 മണി മുതൽ 7 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. രാവിലെ 7 മണി മുതൽ 11 വരെ പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. 11 മുതൽ 6.30 വരെയാണ് ഇതര വ്യാപാര സ്ഥാപനങ്ങൾക്ക് സമയം അനുവദിച്ചിരിക്കുന്നത്. ബ്രോഡ്വേയിലെ വിവിധ ഭാഗങ്ങളെ തിരിച്ചാണ് തുറക്കാനുള്ള കടകൾ ക്രമീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























