കൊവിഡ് വ്യാപനം; സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വൈകാൻ സാധ്യത; രോഗവ്യാപന വിലയിരുത്തലിന് ശേഷം മാത്രം തീരുമാനം

ജൂലൈ അവസാനം വരെ സ്കൂളുകള്‍ തുറക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ജൂലൈ കഴിഞ്ഞാലും സ്കൂളുകള്‍ തുറന്ന് സാധാരണ രീതിയില്‍ അധ്യയനം ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്പർക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് വലിയ ആശങ്കയ്ക്ക് കാരണം. ഓഗസ്റ്റിലെ രോഗവ്യാപനതോത് കണക്കിലെടുത്തായിരിക്കും സ്കൂളുകള്‍ തുറന്ന് സാധാരണ രീതിയിലേക്ക് അധ്യയനം കൊണ്ടുപോകുന്നതിനെ കുറിച്ച് ആലോചിക്കുക.
ഓണത്തിന് ശേഷമെങ്കിലും ഏതാനും സ്കൂളുകൾ പരീക്ഷണാടിസ്ഥാനത്തിൽ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അധികൃതർ അറിയിച്ചു. എന്നാൽ അടുത്ത മാസം കൊവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. വിവിധ ജില്ലകളിലും വിവിധ പഞ്ചായത്തുകളിലും രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിൽ സ്കുളുകൾ തുറക്കുന്നത് ആശങ്കകൾക്കിടയാക്കും. സംസ്ഥാനത്ത് എല്ലായിടത്തും രോഗവ്യാപനം ഒരുപോലെയല്ല. രോഗവ്യാപനം കുറവുള്ള സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകള്‍ തുറക്കുന്നതും ആലോചനയിലുണ്ട്.
സ്കൂൾ പഠനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മാസം തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. എന്നാല്‍, സിലബസ് വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. സ്കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് വിദ്യാഭ്യാസവകുപ്പ് ആലോചിക്കൂ. നിലവില്‍ ഇങ്ങനെയൊരു വിഷയം പരിഗണനയിലില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കിയിരുന്നു.
പല സ്കൂളുകളും കോവിഡ് ചികിത്സയ്ക്കും ക്വാറന്റൈനുമായി ഉപയോഗിക്കുന്നുണ്ട്. മഴ കനത്താല്‍ പലയിടത്തും സ്കൂളുകളാണ് ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുക. ഇത്തരം വിഷയങ്ങളെല്ലാം കണക്കിലെടുത്തായിരിക്കും സ്കൂളുകള്‍ തുറക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുക
സംസ്ഥാനത്തിപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. വിക്ടേഴ്സ് ചാനല്‍ വഴിയാണ് എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് അധ്യയനം നടക്കുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ അധ്യയനത്തിനു ന്യൂനതകളുണ്ടെന്നാണ് പല മാതാപിതാക്കളും അഭിപ്രായപ്പെടുന്നത്.
സ്കൂളുകൾ തുറക്കേണ്ട സാഹചര്യം വന്നാൽ എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തേണ്ടതും അത്യാവശ്യമാണ്. അതേസമയം, സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ മാനദണ്ഡം പ്രഖ്യാപിച്ചേക്കും. ജൂലൈ വരെ അടഞ്ഞുകിടക്കണം എന്നതു ഓഗസ്റ്റിലേക്ക് നീട്ടാനാണ് സാധ്യത.
https://www.facebook.com/Malayalivartha



























