യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഫണ്ട് തിരിമറി : ജാസ്മിന് ഷാ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

യുഎന്‍എ ഫണ്ട് തിരിമറിക്കേസില്‍ ഒന്നാം പ്രതിയും ദേശീയ പ്രസിഡന്റുമായ ജാസ്മിന് ഷാ ഉള്‍പ്പെടെ ആദ്യ 4 പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.
കൃത്രിമ രേഖയുണ്ടാക്കി 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിക്കു പുറമേ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഒന്നാം പ്രതിയുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍, ഓഫിസ് സ്റ്റാഫ് പി. ഡി. ജിത്തു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. അതേസമയം, 5 മുതല്‍ 7 വരെ പ്രതികളും സംസ്ഥാന ഭാരവാഹികളുമായ സുജനപാല്‍ അച്യുതന്, ബിബിന്‍ പൗലോസ്, എം.വി. സുധീര്‍ എന്നിവര്‍ക്കു ജസ്റ്റിസ് സുനില്‍ തോമസ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കേസ് ഡയറിയില്‍ സാമ്പത്തിക തട്ടിപ്പിന്റെ ഗുരുതര ആരോപണങ്ങളാണു വ്യക്തമാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ബന്ധപ്പെടുത്താവുന്ന വസ്തുതകള്‍ വിലയിരുത്തിയാണ് 4 പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. വാഹനങ്ങളും ഫ്ലാറ്റും ആശുപത്രിയും വാങ്ങാനുള്ള ഇടപാടുകളില്‍ സംശയകരമായ പണമിടപാടുകളുണ്ടെന്ന് അന്വേഷണ ഏജന്‍സി ബോധിപ്പിച്ചു.
അതേസമയം, മറ്റു 3 പേര്‍ക്കെതിരെ ഗുരുതര ആരോപണമില്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യം അനുവദിച്ചു. ഇവര്‍ 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങണം. ചോദ്യം ചെയ്യലിനു ശേഷം ജാമ്യത്തില്‍ പോകാം. 70,000 രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടാള് ജാമ്യവും നല്‍കണം.
https://www.facebook.com/Malayalivartha



























