നായനാര്‍ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരത്തിനു വേണ്ടി സിപിഎം 6 കോടി മുടക്കി സ്വകാര്യ കെട്ടിടം വാങ്ങുന്നു

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന നായനാര്‍ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരത്തിനു വേണ്ടി സിപിഎം 6 കോടി മുടക്കി സ്വകാര്യ കെട്ടിടം വാങ്ങുന്നു. പാര്‍ട്ടിയുമായി ബന്ധമുള്ളവരില്‍ നിന്നെല്ലാം ഒരു ലക്ഷം രൂപ വീതം പലിശയില്ലാക്കടം കൂടി വാങ്ങിയാണു തുക കണ്ടെത്തുന്നത്.
ഇ.കെ. നായനാര്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി സിപിഎമ്മിന്റെ സാന്ത്വന പരിചരണ വിഭാഗമാണ്. കോര്‍പറേഷന്റെ കെട്ടിടത്തില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിനു സ്ഥിരം ആസ്ഥാനം വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പഴയ ബാര്‍ ഹോട്ടലും ലോഡ്ജും പ്രവര്‍ത്തിക്കുന്ന കെട്ടിടം വാങ്ങാനുള്ള നീക്കം.
മെഡിക്കല്‍ കോളജിനു സമീപം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിനു പാര്‍ട്ടി പിരിവെടുത്തു 30 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഈ ചതുപ്പു സ്ഥലത്തു കെട്ടിടം നിര്‍മിക്കാന്‍ തടസ്സമുണ്ടായി. കരാര്‍ കാലാവധി തീര്‍ന്നതിനാല്‍ നിലവിലെ കെട്ടിടത്തില്‍ നിന്നു മാറേണ്ട സ്ഥിതിയും വന്നു. ഈ സാഹചര്യത്തിലാണ് ഹോട്ടല്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നു സിപിഎം വിശദീകരിക്കുന്നു.
കെട്ടിടവും 12 സെന്റ് സ്ഥലവും വാങ്ങാന്‍ 6.10 കോടി രൂപയാണു വേണ്ടിവരുന്നതെന്നു ജില്ലാ കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി. ഇതില്‍ ഹോട്ടല്‍ ഉടമ വായ്പയായി എടുത്ത 3 കോടിയോളം രൂപയുടെ ബാങ്കിലെ ബാധ്യത സിപിഎം ഏറ്റെടുക്കും. നേരത്തെ നായനാര്‍ സ്മാരകത്തിനായി പിരിച്ചതില്‍ 2 കോടി ബാക്കിയുണ്ട്. അതിനാല്‍ ഇനി വിപുലമായ പിരിവ് ഉദ്ദേശിക്കുന്നില്ലെന്നും ബാക്കി തുക പാര്‍ട്ടി നേതാക്കള്‍, അനുഭാവികള്‍ എന്നിവരില്‍ നിന്നു കടമായി കണ്ടെത്തുമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഇതു ബ്രാഞ്ചുകളില്‍ നിന്നു സമാഹരിച്ചു തിരിച്ചു നല്‍കും. മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര സെന്റര്‍ എന്നിവിടങ്ങളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സഹായം ചെയ്യുന്ന സ്ഥാപനമെന്ന നിലയിലാണു തിരക്കിട്ട നടപടികളെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
https://www.facebook.com/Malayalivartha



























