ഫോറസ്റ്റ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

ഇടുക്കി ജില്ലയിലെ അറക്കുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മടവൂര്‍ സ്വദേശി എ.എം. സലിം (53) തടി വ്യാപാരിയോടു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.
കുളമാവ് പോലീസ് സ്റ്റേഷനു പിന്നിലെ വസ്തുവില്‍നിന്നും തടി മുറിച്ചുകൊണ്ടുപോകാന്‍ മാസങ്ങള്‍ക്കു മുമ്പ് അറക്കുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കുളമാവ് സ്വദേശിയായ കെ.എസ്. ദാസ് അപേക്ഷ നല്‍കിയിരുന്നു. കാലതാമസം നേരിട്ടതോടെ ദാസ് ഫോറസ്റ്റ് ഓഫീസര്‍ സലിമിനെ നേരില്‍ക്കണ്ടു. സലിം 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരന് ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി: വി.ആര്. രവികുമാറിനെ അറിയിച്ചു.
ഇന്നലെ മൂലമറ്റത്തെ അറക്കുളം ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ വച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്കിയ ഫിനോഫ്ത്തലില്‍ പൗഡര്‍ പുരട്ടിയ നോട്ടുകള്‍ കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിജിലന്‍സ് നടപടി പൂര്‍ത്തിയാക്കിയത്. പ്രതിയെ ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
വിജിലന്‍സ് ഡിവൈ.എസ്.പി: വി.ആര്. രവികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റിജോ പി ജോസഫ്, കെ.എന്‍. രാജേഷ്, എം.കെ. പ്രശാന്ത് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ വിന്‍സെന്റ് കെ. മാത്യു, പ്രദീപ് കുമാര്‍, പ്രസന്നകുമാര്‍, കെ.എന്‍. സന്തോഷ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























