തലയില്‍ കൈവച്ചുപോയി... സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷിന് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുണ്ടെന്ന് കണ്ടെത്തുമ്പോള്‍ മുഖ്യ കണ്ണിയായ ഫൈസല്‍ ഫരീദിന്റെ അക്കൗണ്ട് ശൂന്യം; ഇതിന് പിന്നിലെ നാടകങ്ങള്‍ പൊളിച്ചടുക്കാന്‍ അന്വേഷണ സംഘം

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ നിക്ഷേപമുള്ളതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്ത ദിവസം തന്നെ കേസിലെ മുഖ്യ കണ്ണിയായ ദുബായിലുള്ള ഫൈസല്‍ ഫരീദിന്റെ അക്കൗണ്ട് ശൂന്യമാണെന്ന് വെളിപ്പെടുത്തല്‍. വിവിധ ബാങ്കുകളിലായാണ് സ്വപ്ന സ്വര്‍ണവും മറ്റും നിക്ഷേപിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച കസ്റ്റംസ് ഞെട്ടിയിരിക്കുകയാണ്. മൂന്നു ബാങ്കുകളിലെ ഫൈസലിന്റെ അക്കൗണ്ടുകളില്‍ ശേഷിക്കുന്നത് 3000 രൂപയില്‍ താഴെ മാത്രമാണ്. ഒരു ബാങ്കില്‍നിന്നു വാഹനവായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന് ജപ്തിനടപടിയുമായി. 50 ലക്ഷം രൂപ വായ്പയെടുത്ത സഹകരണബാങ്കില്‍ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം രൂപ.
ഫൈസല്‍ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് തൃശൂരിലെ മൂന്ന് പ്രധാന ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചത്. കയ്പമംഗലത്തെ ബാങ്കുകളില്‍ ഫൈസല്‍ ഫരീദിന് അക്കൗണ്ടുകളുണ്ടെന്ന് മൂന്നുപീടികയിലെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ കസ്റ്റംസ് കണ്ടെത്തിയിരുന്നു.
അക്കൗണ്ടുകളിലൊന്നും വര്‍ഷങ്ങളായി ഇടപാടുകള്‍ നടന്നിട്ടില്ല. ഒരു ബാങ്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍.ആര്‍.ഐ. അക്കൗണ്ട് തുറന്നിരുന്നു. ഇതിലും ഇടപാടുകളൊന്നും നടന്നിട്ടില്ല. ഇടപാടുകളില്ലാത്ത എന്‍.ആര്‍.ഐ. അക്കൗണ്ടിന്റെ വിവരങ്ങള്‍ റിസര്‍വ് ബാങ്കിനു കൈമാറണം. ഇതിനുള്ള നടപടികളിലാണ് ബാങ്ക്. ഫൈസല്‍ ഫരീദ് ബാങ്കുകളില്‍ നല്‍കിയ കെ.വൈ.സി. വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ മതിലകത്തെ സഹകരണ ബാങ്കില്‍നിന്ന് ഫൈസലിന്റെ പിതാവ് പരീത് വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടുതവണയായി 25 ലക്ഷം രൂപ വീതം വായ്പയെടുത്തിരുന്നു. ഇത് കൃത്യമായി തിരിച്ചടച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വായ്പാപരിധി 50 ലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍, ഇതില്‍ ഇപ്പോഴും 37 ലക്ഷം തിരിച്ചടയ്ക്കാനുണ്ട്.
പിതാവ് ദുബായ് മുനിസിപ്പാലിറ്റിയില്‍ ജോലിക്കാരനായിരുന്നതിനാല്‍ പത്താംക്ലാസിനു ശേഷം ദുബായില്‍ സ്ഥിര താമസമാക്കിയതാണ് ഫൈസല്‍. മൂന്ന് സഹോദരന്മാരും കുടുംബവും ഉള്‍പ്പെടെ എല്ലാവരും ദുബായിലാണ്. ഇടയ്ക്കിടെ നാട്ടില്‍ വന്നുപോകാറുള്ള ഫൈസല്‍ ഒന്നരവര്‍ഷം മുമ്പാണ് ഒടുവിലെത്തിയത്. ദുബായ് പോലീസിന്റെ പിടിയിലുള്ള ഫൈസലിനെ എത്രയും വേഗം നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ കഴിയുകയുള്ളൂ. മറ്റ് അന്തര്‍ദേശീയ ബാങ്കുകളില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്.
അതേസമയം ഫൈസല്‍ ഫരീദിനായി പുകമറ സൃഷ്ടിക്കാന്‍ ഗൂഢനീക്കമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്. ചില മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എട്ടംഗസംഘം രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചന സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്‍.ഐ.എയ്ക്കു കൈമാറും.
യു.എ.ഇ. ഫൈസലിനെ ഇന്ത്യക്കു കൈമാറുന്നത് തടയാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. അതേസമയം ഫൈസല്‍ താര നിശകളുടെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയതായും പറയുന്നുണ്ട്. ദുബായിലെ സിനിമാ ചിത്രീകരണത്തിന് കള്ളപ്പണം സമാഹരിച്ചതിലും ഫൈസലിന്റെ പങ്ക് അന്വേഷിക്കും. ഗള്‍ഫ് യാത്രാ വാഗ്ദാനത്തില്‍ വീഴുന്ന പലരേയും കാരിയര്‍മാരാക്കാന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണു സൂചന. ദുബായില്‍ ആഡംബര ജീവിതം നയിക്കുന്ന ഫൈസലിന് നാട്ടിലെ ബാങ്കില്‍ പണമില്ലാത്തതിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha



























