കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തലസ്ഥാനത്ത് കേരളാ എഞ്ചിനീയറിംഗ് എൻട്രൻസ് എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് സ്കൂളിൽ പരീക്ഷ എഴുതിയ, പൂന്തുറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. 20-ാം തീയതിയാണ് വിദ്യാർത്ഥിക്ക് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് മാത്രം രോഗം ബാധിച്ച മൂന്നാമത്തെ വിദ്യാർത്ഥിയാണ്.
സംസ്ഥാനത്ത് അഞ്ച് പേർക്കാണ് ഇത് വരെ കീം പരീക്ഷയുമായി ബന്ധപ്പെട്ട് രോഗം കണ്ടെത്തിയത്. കോഴിക്കോട്ട് ഒന്നും, തിരുവനന്തപുരത്ത് മൂന്നും വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കീം പരീക്ഷ നടത്തുന്നതിൽ നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്ക ഉയർത്തിയതാണ്. എന്നാൽ കൂടുതൽ ക്രമീകരണങ്ങളൊരുക്കി സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha



























