സംസ്ഥാനം എവിടെയൊക്കെ പിറകിലാണെന്ന് കണ്ടെത്താനുള്ള പ്രതിപക്ഷ നേതാവിന്റെ ഗവേഷണം തുടര്‍ന്നും നടക്കട്ടെ ; ചെന്നിത്തലക്ക് മുഖ്യമന്ത്രിയുടെ മറുപടി

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം എവിടെയൊക്കെ പിറകിലാണെന്ന് കണ്ടെത്താനുള്ള പ്രതിപക്ഷ നേതാവിന്റെ ഗവേഷണം തുടര്‍ന്നും നടക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വ്യഗ്രതയില്‍ പ്രതിപക്ഷ നേതാവിന് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഉള്ക്കൊള്ളാനാവുന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമര്‍ശിക്കാന്‍ വരുന്നവര്‍ രോഗത്തിന്റെ സങ്കീര്‍ണതകള്‍ കൂടി മനസിലാക്കാന്‍ ശ്രമിക്കണം. കേരളത്തിന്റെ ഡിസ്ചാര്‍ജ് പോളിസി ദേശീയ പോളിസിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും രോഗവ്യാപന നിരക്കില്‍ കുറവുണ്ട്. കൊവിഡ് മൂന്നാം ഘട്ടത്തില്‍ പടി പടിയായി രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും രോഗവ്യാപന നിരക്കില്‍ താരതമ്യേന കുറവുണ്ട്. സംസ്ഥാനത്തിന്റെ ഡിസ്ചാര്‍ജ് പോളിസി ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണക്കുകളില്‍ ഒന്നാം സ്ഥാനത്ത് എത്തുകയല്ല, ശാസ്ത്രീയമായി ഈ രോഗാവസ്ഥയെ മറികടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും രോഗവ്യാപന നിരക്കില്‍ കുറവില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാവിലെ നടത്തിയ വിമര്‍ശനം. ഓട്ടം തുടങ്ങിയപ്പോഴേ ജയിച്ചുവെന്ന് സര്‍ക്കാര്‍ പ്രചരിപ്പിച്ചു. മാരത്തോണ്‍ ഓട്ടമെന്ന് ഇപ്പോഴെങ്കിലും സര്‍ക്കാരിന് ബോധ്യമായല്ലോയെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. ഈ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha



























