നിയമസഭാ സമ്മേളനം കോവിഡ് വ്യാപന സാഹചര്യത്തില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണ; ഒളിച്ചോട്ടമെന്ന് പ്രതിപക്ഷം

കോവിഡ് വ്യാപന സാഹചര്യത്തില്‍ ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനംഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണ. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്ത നടപടി റദ്ദാക്കിയതായി അദ്ദേഹത്തെ അറിയിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും.
അവിശ്വാസ പ്രമേയത്തിനു നോട്ടിസ് കൊടുത്ത സാഹചര്യത്തില്‍ ചര്‍ച്ച ഒഴിവാക്കാന്‍ കോവിഡിനെ സര്‍ക്കാര്‍ മറയാക്കുകയാണെന്നാണു പ്രതിപക്ഷ ആരോപണം. സഭ ഉപേക്ഷിക്കുകയാണെന്ന കാര്യം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ തയാറായില്ല. അതേസമയം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. എന്നാല്‍, യോജിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സമ്മേളനം ഉപേക്ഷിക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രതിപക്ഷം തള്ളി.
എത്ര നീട്ടിവച്ചാലും സെപ്റ്റംബര്‍ 12-ന് അകം സഭ ചേരണം. 6 മാസത്തെ ഇടവേളയില്‍ സഭാ സമ്മേളനം ചേര്‍ന്നേ പറ്റൂ, തങ്ങളുടെ വിയോജിപ്പും വ്യക്തമാക്കി. ബാക്കി സര്‍ക്കാരിനു തീരുമാനിക്കാം. - ചെന്നിത്തല പറഞ്ഞു. കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. തീയതി തീരുമാനിച്ച ശേഷം സഭാ സമ്മേളനം റദ്ദാക്കുന്നത് ആദ്യമാണ്.
തലസ്ഥാനത്തടക്കം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സഭാ സമ്മേളനം ചേരുന്നതു വിപത്താകുമെന്നാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്. സഭയിലെ 140 അംഗങ്ങളില്‍ 47 പേര്‍ക്ക് 65-നു മുകളില്‍ പ്രായമുണ്ട്. മറ്റു പലരും 65-ന് അടുത്താണ്. കോവിഡ് വ്യാപന മേഖലകളില്‍ നിന്നു വരുന്നവരുമുണ്ട്. സഭയിലേക്കു പുറത്തു നിന്നു വായു കടക്കാന്‍ സംവിധാനമില്ല. 140 പേര്‍ ഒരുമിച്ചിരുന്നാല്‍ സമ്പര്‍ക്കവ്യാപന ഭീഷണിയുണ്ട്.
മാറിയ രാഷ്ട്രീയ സാഹചര്യം തന്നെയാണ് തിരുവനന്തപുരത്തെ ലോക്ഡൗണ്‍ കാലത്തു തന്നെ സഭ ചേരാന്‍ തീരുമാനിച്ച ശേഷം പെട്ടെന്നുള്ള കരണം മറിച്ചിലിനു പിന്നിലെന്നു പ്രതിപക്ഷം വാദിക്കുന്നു. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കു പോലും സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ കഴിയില്ല. സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികള്‍ ചര്‍ച്ചയില്‍ കൈവിടുമെന്നു കണ്ടാണു സര്‍ക്കാരിന്റെ ഈ ഒളിച്ചോട്ടമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സ്വര്‍ണക്കേസിലും അനുബന്ധ വിവാദങ്ങളിലും സര്‍ക്കാരിനു പൂര്‍ണപിന്തുണയുമായി വരാന്‍ ഘടകകക്ഷികളാരും ഇതുവരെ തയാറായിട്ടില്ല.
ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബില്‍ സാമ്പത്തിക വര്‍ഷം തുടങ്ങും മുന്‍പേ സഭയില്‍ അവതരിപ്പിച്ചാല്‍ ഏപ്രില്‍ 1 മുതല്‍ 120 ദിവസത്തെ കാലാവധിയുണ്ട്. അതിനകം പാസാക്കിയില്ലെങ്കില്‍ അസാധുവാകും. 29-ന് ഈ കാലാവധി തീരും. സഭാ സമ്മേളനം ഉപേക്ഷിക്കുമ്പോള്‍ ഇവിടെ പാസാക്കേണ്ടിയിരുന്ന ധനകാര്യ ബില്ലിനായി ഓര്‍ഡിനന്‍സ് ഇറക്കും. ധനബില്‍ പാസാക്കുന്നതിനു വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനം ഉപേക്ഷിക്കുമ്പോള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ആവശ്യമാണ്.
അസാധാരണ സാഹചര്യത്തില്‍ 150 മുതല്‍ 180 ദിവസം വരെ കാലാവധി നീട്ടി സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാം. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സ് ഇറക്കാനാവില്ല. സമ്മേളനം റദ്ദാക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ മന്ത്രിസഭ ചേര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കാം.
കോവിഡ് വ്യാപനം നേരിടുന്നതിനുള്ള പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ മൂന്നിനു സര്‍വകക്ഷി യോഗം ചേരും. സമൂഹവ്യാപനം ഉണ്ടായിട്ടും സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാത്തതു വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
തലസ്ഥാന നഗരം അടക്കമുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ മൂന്നാഴ്ചയോളമായി അടച്ചിട്ടിരിക്കുകയാണ്.ലോക്ഡൗണ്‍ മൂലം സാധാരണ ജനങ്ങള്‍ക്കും വ്യാപാര മേഖലയ്ക്കുമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. പരിശോധനകള്‍ വ്യാപകമാക്കാത്തതിലും ജനങ്ങള്‍ക്കു പ്രതിഷേധമുണ്ട്.
https://www.facebook.com/Malayalivartha



























