സ്വപ്ന പടമായപ്പോള്‍... സ്വപ്ന തിരുവനന്തപുരത്ത് കളം നിറഞ്ഞപ്പോള്‍ കൊല്ലത്തുകാര്‍ക്ക് അത്ഭുതമായിരുന്നു; ഭര്‍ത്താവിന്റെ വീട്ടില്‍ അപൂര്‍വമായി വന്നു പോയിരുന്ന ആ പച്ച പരിഷ്‌ക്കാരിയെ പറ്റി പറയാന്‍ നാട്ടുകാര്‍ക്ക് നൂറ് നാവായിരുന്നു; അവസാനം പത്രത്തില്‍ പടം കണ്ടപ്പോള്‍ അത്ഭുതം

സ്വപ്ന തിരുവനന്തപുരത്ത്കാര്‍ക്കുണ്ടാക്കിയ അത്ഭുതം ചെറുതല്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വപ്ന കൊല്ലത്തുകാരേയും ഞെട്ടിച്ചിരുന്നു. സ്വപ്നയെ രണ്ടാമത് കല്യാണം കഴിച്ച് കൊണ്ടുവന്നത് കൊല്ലം ചന്ദന തോപ്പിലായിരുന്നു. പുതുപെണ്ണിനെ നേരെ ചൊവ്വേ കാണാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല.'പരിഷ്‌കാരിപ്പെണ്ണിനെയാണ് ജയശങ്കര്‍ കെട്ടിയതെന്ന് പറയുന്നത് കേട്ടു, ഇവിടങ്ങിനെ വരാറില്ല. രണ്ടുതവണ വന്നിരുന്നു. അന്ന് ഇത്തിരി അകലെ നിന്നാണ് കണ്ടത്' എന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്നയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ചാനലുകളില്‍ കണ്ടപ്പോഴാണ് അയല്‍ക്കാര്‍ കഥാനായിക തങ്ങളുടെ പ്രദേശവാസിയും അയല്‍ക്കാരനുമൊക്കെയായ ആളിന്റെ മരുമകളാണെന്ന് ശ്രദ്ധിച്ചത്. ഇദ്ദേഹത്തിന്റെ മൂത്ത മകന്റെ വിവാഹത്തിന് നാട്ടുകാരെ ആരെയും ക്ഷണിച്ചിരുന്നില്ല. ഗുരുവായൂര്‍ വച്ചായിരുന്നു വിവാഹം. വീട്ടില്‍ നിന്നും ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നാട്ടുകാര്‍ പലരും ഓര്‍ത്തെടുക്കുന്നു.
വിവാഹ ശേഷം രണ്ടുതവണ മാത്രമാണ് സ്വപ്ന ജയശങ്കറിന്റെ വീട്ടില്‍ വന്നിട്ടുള്ളത്. ആഡംബര കാറിലെത്തി തീര്‍ത്തും ഹൈടെക് രീതിയിലായിരുന്നു സ്വപ്ന പെരുമാറിയിരുന്നതെന്ന് അയല്‍ക്കാര്‍ ഓര്‍ക്കുന്നു. ജയശങ്കറിന്റെ അനുജന് സ്വപ്നയാണ് ജോലി തരപ്പെടുത്തി നല്‍കിയതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍, ഇതിനെക്കുറിച്ച് കേട്ടറിവ് മാത്രമേ തങ്ങള്‍ക്കുന്നുവെന്നും അതേക്കുറിച്ചൊന്നും കൂടുതല്‍ അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. പക്ഷേ, ജയശങ്കര്‍ ഡെപ്യൂട്ടി കളക്ടറാണെന്ന് പലരോടും പറയാറുണ്ട്. സ്വപ്ന ഉന്നതര്‍ക്ക് ജയശങ്കറിനെ പരിചയപ്പെടുത്തിയിരുന്നതും ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയിലാണത്രേ. എന്നാല്‍ അതൊന്നും നാട്ടിലാരും വിശ്വസിച്ചിരുന്നില്ല. നാട്ടില്‍ അധികം ബന്ധങ്ങളില്ലാത്ത ജയശങ്കര്‍ വരുന്നതും പോകുന്നതും ആരും ശ്രദ്ധിക്കാറുമുണ്ടായിരുന്നില്ല. എന്നാല്‍, സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് വെളിച്ചത്തു വന്നതോടെ നാട്ടുകാരുടെ കണ്ണേറെപ്പോഴും ഇവരുടെ വീട്ടിലേക്കാണ്.
ഓരോ ദിനങ്ങളിലും സ്വപ്നയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ അയല്‍ക്കാരുടെ വര്‍ത്തമാനത്തിലും സ്വപ്ന നിറയുകയാണ്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആദ്യം കൊല്ലത്ത് എത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്നും അര്‍ദ്ധരാത്രി കൊല്ലത്ത് എത്തിയ ആംബുലന്‍സിനെ പറ്റിയും അന്വേഷണമുണ്ടായിരുന്നു. എന്നാല്‍ ജയശങ്കറിന്റെ കൊല്ലത്തെ വീട്ടിലേക്ക് അന്വേഷണ സംഘം ഇതുവരെ എത്തിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സരിത്തും സ്വപ്നയുമായി അടുത്ത ബന്ധമാണുള്ളതെന്ന് കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന ജയഘോഷ് കസ്റ്റംസിനു മൊഴി നല്‍കി. ജയഘോഷിന്റെ രണ്ടു വീടുകളില്‍ ഇന്നലെ പരിശോധന നടത്തിയശേഷം ചോദ്യം ചെയ്തപ്പോഴാണ് ഇവരുമൊത്ത് പലതവണ വിമാനത്താവളത്തില്‍ പോയിരുന്നതായും പറഞ്ഞത്.
സ്വപ്നയ്ക്കും സരിത്തിനുമൊപ്പം കോണ്‍സുലേറ്റിലെ വാഹനത്തില്‍ സഞ്ചരിച്ചിരുന്നു. പാഴ്‌സല്‍ സ്വീകരിക്കാന്‍ സരിത്തുമൊത്ത് കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിയിരുന്നു. എന്നാല്‍, ഇരുവരുമായി ഏതു തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കിയില്ല. ജയഘോഷിന്റെ പല മൊഴികളിലും വൈരുദ്ധ്യമുള്ള സാഹചര്യത്തില്‍ വീണ്ടും മൊഴിയെടുക്കും.
ജയഘോഷിന്റെ ആക്കുളം കരിമണലിലെ സ്വപ്ന നിവാസ് എന്ന കുടുംബ വീട്ടിലും വട്ടിയൂര്‍ക്കാവ് തോപ്പ്മുക്കിലെ ഗ്രീഷ്മത്തിലുമാണ് ഒരേസമയം പരിശോധന നടത്തിയത്. കരിമണലിലെ വീട്ടിലുണ്ടായിരുന്ന ജയഘോഷിനെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെടുത്തു. അതേസമയം സ്വപ്നയുടെ കസ്റ്റഡിയും നീട്ടിയിട്ടുണ്ട്. സ്വപ്നയേയും കൊണ്ട് അന്വേഷണ സംഘം കൊല്ലത്തെത്തുമോ എന്ന ആകാംക്ഷയിലാണ് ഭര്‍ത്താവിന്റെ നാട്ടുകാര്‍.
https://www.facebook.com/Malayalivartha



























