സ്വര്‍ണക്കടത്തിന് യു.എ.ഇ കോണ്സുലേറ്റിന്റേതടക്കം വ്യാജരേഖകള്‍ നിര്‍മിച്ചത് സരിത്താണെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍... തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്, ഒരു വര്‍ഷത്തിലേറെയായി വ്യാജരേഖകളുണ്ടാക്കി സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തല്‍

സ്വര്‍ണക്കടത്തിന് യു.എ.ഇ കോണ്സുലേറ്റിന്േറതടക്കം വ്യാജരേഖകള്‍ നിര്‍മിച്ചത് സരിത്താണെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. എംബസി ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സരിത്ത് സ്റ്റാച്യുവിലെ സ്ഥാപനത്തിലെത്തി സീല്‍ ഉള്‍പ്പെടെ വ്യാജരേഖകള്‍ നിര്‍മിച്ചത്. കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്ന സമയത്ത് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് സ്റ്റാമ്പ് നിര്‍മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ചത്.
ലെറ്റര്‍ഹെഡ് ഉള്‍പ്പെടെയുള്ള ചില രേഖകളും സരിത്ത് കടത്തിയിരുന്നു. ഇതില്‍ ചിലത് പാച്ചല്ലൂരിലെ ഇയാളുടെ കുടുംബവീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തി. മറ്റ് ചില രേഖകള്‍ ഒരു ഡി.ടി.പി സന്റെറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ കൃത്യമായി പദ്ധതി തയാറാക്കിയാണ് സ്വര്‍ണക്കടത്ത് നടത്തിവന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു വര്‍ഷത്തിലേറെയായി ഇത്തരത്തില്‍ വ്യാജരേഖയുണ്ടാക്കി സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തല്‍.
ജൂണ്‍ 30ന് എത്തിയ നയതന്ത്ര പാഴ്സല്‍ വാങ്ങാന്‍ സരിത്തിനെ ചുമതലപ്പെടുത്തി കസ്റ്റംസിന് കൈമാറിയ കത്ത് വ്യാജമാണെന്ന് അന്വേഷണസംഘം തെളിയിച്ചു. സരിത്ത് സ്വന്തമായാണ് കത്ത് തയാറാക്കിയത്. കോണ്‍സുലേറ്റിന്റെ ഓഫിസ് സെക്രട്ടറിയായി സ്വപ്ന ജോലിചെയ്യുമ്പോള്‍ പാര്‍സലുകള്‍ വാങ്ങാന്‍ സരിത്തിനെ അയച്ചിരുന്നു. ഈ സമയം ഉപയോഗിച്ച ഔദ്യോഗിക കത്തുകളുടെ മാതൃക സരിത്തും സ്വപ്നയും സ്വന്തമാക്കി. കോണ്‍സുലേറ്റിലെ ജോലി നഷ്ടമാകും മുമ്പേ ഇവര്‍ കോണ്‍സുലേറ്റിന്റെ വ്യാജ സീലുകളും ഉണ്ടാക്കി.
സ്വര്‍ണമടങ്ങിയ പാര്‍സല്‍ ഇന്ത്യയിലേക്ക് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയ അറ്റാഷെയുടെ പേരിലെ കത്തും വ്യാജമായിരുന്നുവെന്ന വിലയിരുത്തലാണ് അന്വേഷണ സംഘം. എന്നാല്‍ എല്ലാ സ്വര്‍ണക്കടത്തും വ്യാജരേഖ ഉപയോഗിച്ചാണോ നടത്തിയതെന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന നിലപാടിലാണ് അന്വേഷണസംഘം. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നും അവര്‍ പറയുന്നു. വ്യാജരേഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഇവരെയും പ്രതിചേര്‍ക്കും. ഗൂഢാലോചനയില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചിലരെ ദിവസങ്ങള്‍ക്കുള്ളില്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് വിവരം.
സ്വപ്നയും സരിത്തും തയാറാക്കുന്ന വ്യാജരേഖ ഉപയോഗിച്ച് കോണ്‍സുലേറ്റിന്റെ പേരില്‍ എത്തുന്ന ബാഗേജ് കൈപ്പറ്റാന്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. കോണ്‍സുലേറ്റിലെ അറ്റാഷെക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണസംഘം വൃത്തങ്ങള്‍ പറയുന്നു. കള്ളക്കടത്തിന് കോണ്‍സുലേറ്റിലെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha



























