ഇടപെട് കേന്ദ്രമേ... സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കേ കസ്റ്റംസ് അന്വേഷണ സംഘത്തെ ഉടച്ച് വാര്‍ക്കാന്‍ നീക്കം; അന്വേഷണത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്ന പത്തുപേരെ സ്ഥലം മാറ്റിയുള്ള ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി സംസ്ഥാന ബിജെപി നേതാക്കന്‍മാരും

കേരളം ഇതുവരെ കണ്ടതില്‍ വച്ചേറ്റവും കാര്യക്ഷമമായി നടന്ന അന്വേഷണങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസ്. നയതന്ത്ര പരിരക്ഷയില്‍ രക്ഷപ്പെട്ട വലിയൊരു സ്വര്‍ണക്കടത്ത് സംഘത്തേയാണ് കസ്റ്റംസുകാര്‍ പിടികൂടിയത്. ഇതിന്റെ തീവ്രവാദ ബന്ധം പോലും ചോദ്യം ചെയ്യപ്പെട്ടു. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ മണിക്കൂറുകള്‍ കൊണ്ട് എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രവും ഉചിതമായ തീരുമാനമെടുത്തു. കേരളം കടന്ന സ്വപ്നയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കാന്‍ കഴിഞ്ഞത് മറ്റൊരു വഴിത്തിരിവായി. മാത്രമല്ല ദുബായില്‍ വിലസിയ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെ കുടുക്കാന്‍ എല്ലാം ചെയ്തു. പാസ്‌പോര്‍ട്ട് റദ്ദ് ചെയ്ത് ഫൈസലിനെ വിട്ടുതരണമെന്ന് യുഎഇയോട് അഭ്യര്‍ത്ഥിച്ചു. ഫൈസലിനെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്.
ഇതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക അന്വേഷണം നടത്തിയ കസ്റ്റംസുകാരെ മാറ്റാന്‍ തീരുമാനിച്ചതായുള്ള വിവരം പുറത്ത് വന്നത്. ഇതു സംബന്ധിച്ച വാര്‍ത്ത ഉത്തരവ് സഹിതം ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ കൈയ്യടി മാത്രം കിട്ടിയിരുന്ന അന്വേഷണത്തിനും കേന്ദ്രസര്‍ക്കാരിനും കല്ലുകടിയാകുകയാണ്. അനവസരത്തില്‍ എടുത്ത ഈ തീരുമാനത്തിനെതിരെ ഇടപെടണമെന്നാണ് കേന്ദ്രത്തോട് ബിജെപി പോലും ആവശ്യപ്പെടുന്നത്.
സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലെത്തി നില്‍ക്കേ കസ്റ്റംസ് അന്വേഷണസംഘത്തെ ഉടച്ചുവാര്‍ക്കാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. വിവാദത്തിന് തിരികൊളുത്തി അന്വേഷണത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്ന പത്തുപേരെ സ്ഥലം മാറ്റിയാണ് ഉത്തരവിറങ്ങിയത്.
കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സൂചന. ഈ നീക്കത്തില്‍ അദ്ദേഹം കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ ശക്തമായ എതിര്‍പ്പറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മിഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യംചെയ്താണ് സുമിത് കുമാര്‍ ഉന്നതങ്ങളിലേക്ക് എതിര്‍പ്പറിയിച്ചത്. തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചു, എന്നാല്‍, പിന്‍വലിച്ചിട്ടില്ല.
ബുധനാഴ്ചയാണ് ഉത്തരവ് ഇറങ്ങിയത്. തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥലംമാറ്റ ഉത്തരവിനു പിന്നില്‍ സ്ഥാപിത താത്പര്യവും രാഷ്ട്രീയ ഇടപെടലുമുണ്ടെന്നാണു വിവാദം ഇപ്പോഴേ ഉയര്‍ന്നിട്ടുണ്ട്. സത്യസന്ധതയ്ക്കു പേരുകേട്ട സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആഴത്തിലേക്കു കടന്നത് പലരേയും അലോസരപ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയില്‍ അന്വേഷണത്തില്‍ പ്രധാനികളായ ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞദിവസം കോഴിക്കോട് ഓഫീസില്‍ സമാനമായ ഉത്തരവിറക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.
എന്നാല്‍, ഉന്നത ഇടപെടലിനെപ്പോലും അവഗണിച്ചാണ് ബുധനാഴ്ച പുതിയ ഉത്തരവിറക്കിയതെന്നാണ് പറയുന്നത്. സുമിത് കുമാറിന്റെ സംഘത്തിലെ അംഗങ്ങളെ മറ്റു യൂണിറ്റുകളിലേക്കും ഡിപ്പാര്‍ട്ട്‌മെന്റിലേക്കുമാണ് മാറ്റിയത്. കസ്റ്റംസ് പ്രിവന്റീവില്‍ വരുന്ന ഉദ്യോഗസ്ഥര്‍ പല ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സാമര്‍ഥ്യം തെളിയിച്ചവരാണ്. ഇവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായി സ്ഥലംമാറ്റമെന്ന ആക്ഷേപവുമുണ്ട്.
അതേസമയം ഈ ഉത്തരവിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രത്തെ കുറിച്ച് രാഷ്ട്രീയ ഭേദമില്ലാതെ നല്ലവാക്കുകള്‍ കേട്ടിരുന്ന സമയമായിരുന്നു ഇത്. അന്വേഷണത്തെ പറ്റി എല്ലാ ബിജെപിക്കാരും അഭിമാനം കൊണ്ടതുമാണ്. അതിനാലാണ് ചാനല്‍ ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാനായത്. അതുകൊണ്ട് തന്നെ അനവസരത്തിലുള്ള ഈ ഉത്തരവ് പൂര്‍ണമായും പിന്‍ വലിക്കാന്‍ ബിജെപിയും നീക്കം തുടങ്ങി.
https://www.facebook.com/Malayalivartha



























