മാങ്കാവിലെ കേരള ഗ്രാമീണ്‍ ബാങ്ക് കവര്‍ച്ചാശ്രമം: ഒട്ടേറെ മോഷണക്കേസിലെ പ്രതി പിടിയിലായി

മാങ്കാവിലെ കേരള ഗ്രാമീണ്‍ ബാങ്ക് കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഉമ്മളത്തൂര്‍താഴം സല്മാന് ഫാരിസ് (26) ആണ് പിടിയിലായത്. ബാങ്ക് കവര്‍ച്ചാശ്രമം പരാജയപ്പെട്ടതോടെ ഗോവിന്ദപുരത്തെ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. മാത്തറയില്‍ കടകള്‍ കൊള്ളയടിച്ചു മൊബൈല്‍ ഫോണും പണവും കവര്‍ന്നതും ഫാരിസ് ആണെന്നു പൊലീസ് പറഞ്ഞു.
മാത്തറയില്‍ 11 കടകളില്‍ മോഷണം നടന്നതോടെ ഡിസിപി എസ്.സുജിത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു കവര്‍ച്ച നടത്തിയത് ഒരാളാണെന്നു തിരിച്ചറിഞ്ഞു. മറ്റൊരു മോഷണം നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ ബൈജു കെ.ജോസും സിറ്റി ക്രൈംസ്ക്വാഡും ചേര്‍ന്നു ഫാരിസിനെ പിടികൂടിയത്.
പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണു പ്രതിയെ ഒരാഴ്ചയ്ക്കകം പിടികൂടാന്‍ സാധിച്ചത്. മാസ്കും കയ്യുറയും ധരിച്ച മോഷ്ടാവ് തല തുണി കൊണ്ടു മറച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മാങ്കാവിലെ ബാങ്ക് കവര്‍ച്ച നടത്തിയതും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബാങ്ക് മാനേജരുടെ പരാതിയില്‍ കസബ പൊലീസ് കേസ് അന്വേഷിച്ചുവരികയായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.
മോഷണം നടന്ന സ്ഥലങ്ങളിലും ബാങ്കിലും ഇന്നലെ സല്മാന് ഫാരിസിനെ കൊണ്ടുവന്നു തെളിവെടുത്തു. ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ പി.മനോജ്, സി.അബ്ദുല്‍ റഹ്മാന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.പി.രമേശ് ബാബു, സി.കെ.സുജിത്ത്, പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ പി.വിനായകന്, എഎസ്ഐ കെ. ഉണ്ണി, സീനിയര്‍ സിപിഒ കെ.ജിതിന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























