മാനന്തവാടി ജില്ലാ ആശുപത്രിയ്ക്ക് അഭിമാന നേട്ടം, മെഡിക്കല്‍ കോളജില്‍ അല്ലാതെ കേരളത്തില്‍ ആദ്യമായി പ്ലാസ്മ തെറപ്പി ആരംഭിച്ച ആതുരാലയം

മാനന്തവാടി ജില്ലാ ആശുപത്രി കേരളത്തില്‍ ആദ്യമായി മെഡിക്കല്‍ കോളജില്‍ അല്ലാതെ പ്ലാസ്മ തെറപ്പി ആരംഭിച്ച ആതുരാലയമായി. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ പ്ലാസ്മ ബാങ്കിലൂടെ ശേഖരിച്ച പ്ലാസ്മയാണ് ഇതിന് ഉപയോഗിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഇവിടെ ചികിത്സയില്‍ കഴിയുന്ന തൊണ്ടര്‍നാട് സ്വദേശിയായ യുവാവിന് ഡിഎംഒ ഡോ.ആര്.രേണുക, കോവിഡ് ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി. ചന്ദ്രശേഖരന്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. ദിനേശ്കുമാര്‍, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിനിജ മെറിന് എന്നിവരുടെ നേതൃത്വത്തില്‍ പ്ലാസ്മ നല്കി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പ്ലാസ്മ തെറപ്പി നടത്തിയത്.
രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.
ഗുരുതരാവസ്ഥയില്‍ ആകുന്ന കോവിഡ് രോഗികളെ നേരത്തേ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യേണ്ടി വന്നിരുന്നു. ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ തെറപ്പി ആരംഭിച്ചതോടെ ഇത് ഒഴിവാക്കാനാകും. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് രോഗികള്‍ക്കും ഏറെ ആത്മവിശ്വാസം ഇതോടെ ലഭിക്കും.
കോവിഡ് രോഗമുക്തി നേടിയവരില്‍നിന്ന് 28 ദിവസത്തിനും 4 മാസത്തിനും ഇടയിലാണ് പ്ലാസ്മ തെറപ്പിക്കു വേണ്ടി രക്തം സ്വീകരിക്കുന്നത്. ഈ രക്തത്തില്‍നിന്നു വേര്‍തിരിക്കുന്ന പ്ലാസ്മ, നിലവില്‍ കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്‍കും. കേരളത്തില്‍ മിക്കവാറും രക്തബാങ്കുകളില്‍ എലൈസ സാങ്കേതികവിദ്യയാണു നിലവില്‍ ഉപയോഗിക്കുന്നത്.
എന്നാല്‍, മാനന്തവാടി ജില്ലാ ആശുപത്രിയിലെ രക്തബാങ്കില്‍ രക്തം സ്ക്രീന്‍ ചെയ്യുന്നതിന് ഏറ്റവും നൂതന സാങ്കേതിക വിദ്യയായ 'എന്‍ഹാന്‍സ്ഡ് കെമിലൂമിനൈസന്സ്' ഉപയോഗിക്കുന്നു. ഇതിനാല്‍ ഏറ്റവും സുരക്ഷിതമായ രക്തം രോഗികള്‍ക്കു നല്‍കാനാകും. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക ജില്ലാ ആശുപത്രി കൂടിയാണിത്. രക്തം നല്കാന് കോവിഡ് ഭേദമായ ഒട്ടേറെപ്പേര്‍ എത്തുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.
https://www.facebook.com/Malayalivartha



























