ടെസ്റ്റ് ചെയ്യുന്നതിൽ പകുതിയും പോസിറ്റീവ്; എന്നിട്ടും കൂടുതൽ ടെസ്റ്റ് കിറ്റുകൾ നൽകാതെ സർക്കാർ, അവഗണിക്കരുത് ഇവരെ

അങ്ങ് വുഹാനിൽ നിന്ന് തുടങ്ങിയ യാത്രയാണ്, ഇപ്പോൾ കേരളത്തിന്റെ മുക്കും മൂലയിലും പറന്നുനടക്കുകയാണ്. ഇറ്റലിയുടെയും ചൈനയുടെയും തെരുവോരങ്ങളിൽ മനുഷ്യരുടെ ഭീതി ഏറ്റുവാങ്ങിയ ആംബുലൻസുകളുടെ ശബ്ദം ഇന്ന് നമ്മുടെ തീരപ്രദേശങ്ങളിലും മുഴങ്ങുന്നു. പറയാതെ വയ്യ, ഇനി ആർക്കും പകരാവുന്ന സാഹചര്യത്തിലേക്ക് നമ്മുടെ തീരപ്രദേശങ്ങളിലും എത്തിക്കഴിഞ്ഞു. ആർക്കും പകരം എന്നത് കേട്ട് ആശ്ചര്യപ്പെടേണ്ട, തീരപ്രദേശങ്ങൾ കോറോണയുടെ സംഹാരതാണ്ഡവം തുടങ്ങിക്കഴിഞ്ഞു എന്ന് തന്നെ പറയണം.
പ്രത്യേകിച്ച് കേരളത്തിലെ അതിതീവ്ര കണ്ടെയ്ന്മെന്റ് സോണുകളിൽ ഉൾപ്പെട്ട ജനസാന്ദ്രത കൂടുതലുള്ള കരുംകുളം പഞ്ചായത്തിൽ ടെസ്റ്റ് ചെയ്യപെടുന്നതിൽ പകുതിയിൽ കൂടുതൽപേർക്കും കോവിഡ് പോസറ്റീവ് ആണ്. അത്രകണ്ട് ഭീതി ഇതിൽ ഉണ്ടോ എന്ന് പറയുന്നവർ കേൾക്കുക. ഈ പഞ്ചായത്തിൽ മാത്രം ഇന്നു നടത്തിയ നാൽപ്പത്തിനാല് കോവിഡ് ടെസ്റ്റുകളിൽ 20 എണ്ണവും പോസിറ്റീവ് കേസ് ആണ്. ഇതിൽ ഏറ്റവും ഭീതിജനകമായ കാര്യം ഇന്ന് പോസിറ്റീവ് ആയ 20 പേരിൽ 14 പേരും ഗർഭിണികളാണ് എന്നതാണ്. അതോടൊപ്പം തന്നെ ഈ പഞ്ചായത്തിൽ ടെസ്റ്റ് ചെയ്യുന്ന പാകിയിൽ ഏറെപേര് കോവിഡ് പോസിറ്റീവ് ആണ്.
ആയതിനാൽ തന്നെ ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടുതലുള്ള കടലോരമേഖല എന്നു കണക്കാക്കപ്പെടുന്ന തിരുവനന്തപുരത്തെ കരുംകുളം പഞ്ചായത്തിലെ ആകെയുള്ള ജനസംഖ്യയിൽ പകുതിയിലേറെ പേരും കൊറോണ ബാധിതരാണ് എന്നതാണ് ഇത്തരത്തിൽ പുറത്ത് വരുന്ന പ്രാഥമിക കണക്കുകൂട്ടലുകൾ വഴി മനസിലാക്കാൻ സാധിക്കുന്നത്. ഓർക്കുക ഈ കണക്കുകൾ ടെസ്റ്റ് ചെയ്യപ്പെടുന്ന ഒരു വിഭാഗം ആളുകളിൽ നിന്നുമുള്ളതാണ്. അപ്പോൾ ടെസ്റ്റ് ചെയ്യാത്തവർ. രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലാതെ ഈ മഹാമാരിയുടെ വാഹകരായ പല യുവാക്കളും ഉണ്ട്.
ലക്ഷണങ്ങൾ ഒന്നും തന്നെ പ്രാഥമികമായി പ്രകടമാകാത്തവർ വളരെ അപകടകരം തന്നെയാണ്. കാരണം ഈ പ്രദേശത്ത് 50 വയസ്സിനുമുകളിലുള്ള ഏതെങ്കിലും രോഗത്താൽ അവശതയനുഭവിക്കുന്നവരും, 65 വയസ്സിനു മുകളിലുള്ളവരും ഒപ്പം ഗർഭിണികളും, കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാരും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുമൊക്കെ വളരെ കൂടുതലാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഈ സാഹചര്യത്തിൽ കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുക എന്നത് അത്യന്താപേക്ഷിതമാണ്. ഇതിലൂടെ വയസ്സായവരെയും ഗർഭിണികളെയും പ്രായാധിക്യം മൂലമുള്ള അവശതകൾ അനുഭവിക്കുന്നവരെയും കോവിഡ് പരിശോധന നടത്തി മാറ്റിപ്പാർപ്പിക്കാനും ഭരണകൂടം തയ്യാറാകണം.
ഒപ്പം പുതിയതുറ നിവാസിയും കോളാസ്റ്റൽ സ്റ്റുഡന്റസ് സുൽറ്റ്ൽ ഫോറം എന്ന തീരദേശകൂട്ടായ്മയുടെ പ്രവർത്തകനുമായ വിപിന്ദാസിന്റെ ഫേസ്ബുക് പോസ്റ്റിലെ വരികൾ കടമെടുത്തുകൊണ്ട് ഒരു കാര്യം കൂടിയ പറഞ്ഞുകൊള്ളട്ടെ....
കുറച്ചുമുന്നേ, പുതിയതുറ സെന്റ് നിക്കൊളാസ് ദേവാലയത്തിലെ മയ്യാവാടിയിൽ നിന്നും ഉറ്റവരെയാരും ഡെഡ്ബോഡിയുടെ ഏഴയലത്തുപോലുമടുപ്പിക്കാതെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ശവസംസ്കാരം കഴിഞ്ഞ് PPE കിറ്റ് അഴിച്ചുമാറ്റി പുറത്തേക്കു വരുമ്പോൾ നെഞ്ച് നിറയെ നടുക്കമുണ്ടായിരുന്നു. ഇറ്റലിയിലെ തെരുവോരങ്ങളിൽ വെന്റിലേറ്ററുകളെടുത്തുമാറ്റി മരണം കാത്തു കിടന്ന വൃദ്ധജനങ്ങളുടെ ചിത്രങ്ങളാണ് മനസ്സിലോടി വന്നത്.തദ്ദേശീയ ജനതകളുടെ ഭൂമുഖത്തു നിന്നുള്ള തുടച്ചുമാറ്റപ്പെടലിൽ പകർച്ചവ്യാധികൾക്കുള്ള ചരിത്രപരമായ പങ്കും കണ്മുന്നിൽ ഭീതിയായി അവശേഷിക്കുന്നുണ്ട്. ആ ഭീതി സർക്കാർ കണ്ണ് തുറന്ന് കാണണം. അതിനായില്ലെങ്കിൽ നിങ്ങളുടെ ചിന്തകൾക്കതീതമായി ഞങ്ങളുടെ തീരദേശത്തിന്റെ സ്ഥിതി മാറും. പ്രളയകാലത്ത് ഓടിയെത്തിയ നിങ്ങൾ സൂപ്പർ ഹീറോസ് എന്ന് പേരിട്ടുവിളിച്ച മത്സ്യത്തൊഴിലാളികൾ ദുരിതങ്ങളുടെ നടുവിലാണ്.
https://www.facebook.com/Malayalivartha



























