പി ഡബ്ള്യു സി യും ശിവശങ്കറും ... പ്രൈസ്വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശ

ഈ സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനായ ഉദ്യോഗസ്ഥന് അഥവാ ബ്യുറോക്രറ്റ് ആരാണെന്നതിനു ഒരേയൊരുത്തരമായി ശിവശങ്കര്‍ മാറിയിരിക്കുകയാണ് .എന്‍ ഐ എ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നടത്തിയപ്പോള്‍ തന്നെ ഇയാള്‍ക്ക് കള്ളക്കടത്തുകാരിയായ സ്വപ്നയുമായി കേവലം ഒരു മുഖപരിചയമല്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. കേരളത്തില്‍ വന്‍ തട്ടിപ്പുസംഘം തന്നെ കള്ളക്കടത്തു കേസിന്റെ പിന്നിലുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇതിനോടകം എന്‍ ഐ എ ക്കു ലഭിച്ചു എന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നത് .
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വക്കുവരെ അന്വേഷണം വ്യാപിപ്പിക്കേണ്ടി വരുമെന്നുള്ള അപൂര്‍വ സാഹചര്യത്തിന് വഴിയൊരുക്കിയതും പിണറായി വിജയന് സമൂഹമധ്യത്തില്‍ ഇങ്ങനെ അപമാനിതനായി നിലക്കുന്നതുമെല്ലാം ഈ ശിവശങ്കര്‍ എന്ന സര്‍ക്കാര്‍ വിശ്വസ്തന് കാരണമാണ്. അനധികൃതമായി സര്‍ക്കാര്‍ മുദ്രയോടു കൂടി കണ്‍സള്‍ട്ടന്‍സി ജീവനക്കാരെക്കൂടി സര്‍ക്കാര്‍ അനൂകൂല്യങ്ങള്‍ക്ക് പ്രാപ്തരാക്കാന്‍ ശിവശങ്കര്‍ നടത്തിയ ഇടപാടാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള വലിയ ഊരാക്കുടുക്കിലേക്ക് സംസ്ഥാന സര്‍ക്കാരിനെ എത്തിച്ചിരിക്കുന്നത് .
പ്രൈസ്വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറിതല സമിതി ശുപാര്‍ശ നല്കി. എം.ശിവശങ്കറിന്റെ ശുപാര്‍ശയോടെയാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്ന് സമിതി കണ്ടെത്തി. ശിവശങ്കര്‍ ചട്ടം പാലിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്നയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ശിവശങ്കരന് കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകള്‍ ഓരോന്നിനും മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ് . അതിനാല്‍ തന്നെ പിണറായിക്ക് ഈ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ കഴിയില്ല .
അതേസമയം നയതന്ത്ര പാഴ്സലില്‍ എത്തിയ സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവച്ചു 2 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനോടു സ്വപ്ന സുരേഷ് സഹായം തേടിയെങ്കിലും നേരിട്ടോ അല്ലാതെയോ അദ്ദേഹം സഹായിച്ചോ എന്ന അന്വേഷണത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. ഈ കാര്യത്തിന്റെ നിജസ്ഥിതിയറിയാന്‍ വേണ്ടിയുള്ള തീവ്രശ്രമമാണ് എന്‍ ഐ എ നടത്തിവരുന്നത്. സ്വപ്ന നേരിട്ടും മറ്റൊരുടേയോ ഫോണ്‍ ഉപയോഗിച്ചും ശിവശങ്കറിനോടു സഹായം തേടിയിരുന്നു. ബാഗേജ് പുറത്തെത്തിക്കാന്‍ ഉന്നതര്‍ കസ്റ്റംസില്‍ ബന്ധപ്പെട്ടിരുന്നെന്ന വിവരം പുറത്തുവന്നെങ്കിലും ആരൊക്കെയാണു വിളിച്ചതെന്നത് അന്വേഷണസംഘം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഏതാനും മണിക്കൂറുകള്‍ക്കകം അത് വെളിപ്പെടും എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ശിവശങ്കരന് നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായുള്ള റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ കാര്യഗൗരവം വര്‍ധിച്ചതായി വ്യക്തമായിരുന്നു. ശിവശങ്കറിനെ അറസ്റ് ചെയ്യുകയാണെങ്കില്‍ അത് മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും വലിയ ക്ഷീണമാകും എന്ന് തന്നെയാണ് പ്രതിപക്ഷം കരുതിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























