ചാടിയത് കൈവിലങ്ങോടെ ... എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ തെളിവെടുപ്പിനിടെ പ്രതി കടലില്‍ ചാടി... നാല് മീറ്റര്‍ അകലെ പൊങ്ങിയെങ്കിലും ....

തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലില്‍ ചാടിയ പ്രതിയ രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ പിടി കൂടാന്‍ പിന്നാലെ ചാടിയ എസ്ഐയെയും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ ടൈല്‍സ് തൊഴിലാളി കുഡ്ലു കാളിയങ്കാട് സ്വദേശി കെ. മഹേഷ്(29)നെയാണ് പൊലീസ് തെളിവെടുപ്പിനായി കാസര്‍കോട് കസബ മത്സ്യബന്ധന തുറമുഖം പുലിമുട്ടിനു സമീപത്തേക്ക് കൊണ്ടുവന്നത്. ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പുലിമുട്ടിന്റെ കല്ലുകള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചു എന്നായിരുന്നു മഹേഷിന്റെ മൊഴി. ഇതു കണ്ടെടുക്കാനാണ് പ്രതിയെയുംകൊണ്ട് കാസര്‍കോട് ടൗണ്‍ എസ്ഐ യു.പി.വിപിന്‍, വനിത എസ്ഐ രൂപ മധുസൂദനന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി. പ്രമോദ് എന്നിവരെത്തിയത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ആണ് സംഭവം.
ഫോണ്‍ എടുക്കാനെന്ന വ്യാജേന നീങ്ങിയ മഹേഷ് പുലിമുട്ടില്‍ നിന്നു പെട്ടെന്നു പൊലീസുദ്യോഗസ്ഥരെ തട്ടിമാറ്റി അഴിമുഖത്തു ചാടി. പിടികൂടാനായി ചാടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതിനാല്‍ മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞില്ല. എസ്ഐ യു.പി.വിപിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.പ്രമോദ് എന്നിവരെ പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റി. പ്രമോദിന്റെ കാലുകളുടെ അടി ഭാഗം കീറിയ നിലയിലാണ്. എസ്ഐ വിപിന്റെ കൈകാല്‍ മുട്ടിനു പരുക്കുണ്ട്.
കടലില്‍ ചാടിയ മഹേഷ് പുലിമുട്ടില്‍ നിന്നു നാലു മീറ്റര്‍ അകലെ പൊങ്ങിയത് കണ്ടതായി പറയുന്നു. ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത്. പിന്നീട് കാണാനായില്ല. മഹേഷിന്റെ കൂട്ടുകാരായ 2 പേര് ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ പുലിമുട്ടിന്റെ കല്ലുകള്‍ക്ക് ഇടയില്‍ നിന്നു പിന്നീട് കണ്ടെടുത്ത് പൊലീസിനു നല്കി. ഡിവൈഎസ്പിമാരായ ജെയ്സണ്‍ ഏബ്രഹാം, പി.ബാലകൃഷ്ണന്, സിഐ പി.മനോജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. യുവാവിനെ കണ്ടെത്താന്‍ മത്സ്യ തൊഴിലാളികള്‍, തീരദേശ പൊലീസ്, അഗ്നിശമനസേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നുണ്ട്.
മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. 19 ന് രാത്രി 7.15ന് വീടിന്റെ പിന് ഭാഗത്തുള്ള കുളിമുറിയില്‍ കുളിക്കുന്നതിനിടെ മൊബൈല്‍ സെറ്റ് പിടിച്ച ഒരു കൈ മേല്‍ക്കുരയുടെയും ചുമരിന്റെയും ഇടയിലെ വിടവിലൂടെ കുളിമുറിക്കുള്ളിലേക്കു കയറ്റി പിടിച്ചതു കണ്ടു എന്നാണ് പെണ്‍കുട്ടി രക്ഷിതാക്കള്‍ മുഖേന നല്കിയ പരാതി.
https://www.facebook.com/Malayalivartha



























