കാസര്‍കോട് ജില്ലയിലേക്ക് ചരക്കുകള്‍ അതിര്‍ത്തിയില്‍ എത്തിച്ച് കൈമാറാന്‍ അനുമതി

കര്‍ണാടകയില്‍ നിന്നുള്ള പച്ചക്കറി, പഴം,മത്സ്യം എന്നിവയുമായി വരുന്ന വാഹനങ്ങള്‍ കാസര്‍കോഡ് ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തി ജില്ലയിലെ മറ്റു വാഹനങ്ങളില്‍ കയറ്റി വിതരണം ചെയ്യുന്നതിനു കൊറോണ കോര്‍ കമ്മിറ്റി യോഗം അനുമതി നല്കി. ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പാടുള്ളു. ഇതിന് വിരുദ്ധമായാല്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്ത് വാഹനം കണ്ടുകെട്ടും.
കര്‍ണാടകയില്‍ നിന്ന് സാധനങ്ങളുമായി വരുന്നവര്‍ക്ക് ജില്ലയിലേക്ക് പ്രവേശനമില്ല. ജില്ലാ അതിര്‍ത്തിയില്‍ പച്ചക്കറി വാഹനത്തില്‍ കയറ്റിറക്ക് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹാജരായി ആഴ്ചയിലൊരിക്കല്‍ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. കലക്ടര്‍ ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. സബ്കലക്ടര്‍ അരുണ്‍ കെ വിജയന്, എഡിഎം എന്‍.ദേവിദാസ്, ഡിഎംഒ ഡോ .എ.വി.രാംദാസ്, ഡപ്യൂട്ടി ഡിഎംഒ എ.ടി മനോജ്, ആര്‍ഡിഒ അഹമ്മദ് കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികള്‍ക്ക് 30, 31 തീയതികളില്‍ നടക്കുന്ന കര്‍ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുവാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെഎസ്ആര്‍ടിസി ബസ് അനുവദിക്കും. അവിടെ നിന്ന് കര്‍ണാടക സര്‍ക്കാര്‍ ഒരുക്കുന്ന വാഹനത്തില്‍ പരീക്ഷ കേന്ദ്രങ്ങളിലേക്ക് പോകാം. ഇവര്‍ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും 7 ദിവസം റൂം ക്വാറന്റീനില്‍ കഴിയണം. അഞ്ചാം ദിവസം ആന്റിജന്‍ ടെസ്റ്റിന് വിധേയാക്കണം.
കാഞ്ഞങ്ങാട് കാസര്‍കോട് കെഎസ്ടിപി റോഡരികിലെയും ജില്ലയിലെ ദേശീയ പാതയോരങ്ങളിലെയും ഹോട്ടലുകള്‍, തട്ടുകടകള്‍,ബേക്കറികള്‍ എന്നിവ രാവിലെ 8 മുതല്‍ രാത്രി 9 വരെ വരെ തുറക്കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല. പാഴ്സലായി മാത്രമേ ഭക്ഷണം നല്കാവു. മറ്റു കടകള്‍ 8 മുതല്‍ 6 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ദേശീയ പാതയോട് തൊട്ടുകിടക്കുന്ന റോഡുകളിലെ ഹോട്ടലുകള്‍, തട്ടുകടകള്‍,ബേക്കറികള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.
കര്‍ണാടകയിലേക്ക് ദിവസേന പോകുന്ന ബാങ്ക് ജീവനക്കാരെ ഉപാധികളോടെ അനുവദിക്കും. ഇങ്ങനെ പോകുന്നവര്‍ സ്വകാര്യ വാഹനത്തില്‍ മാത്രം പോകണം. ഉപയോഗിക്കുന്ന വാഹനത്തിന്റെയും യാത്ര ചെയ്യുന്നവരുടെയും വിവരങ്ങളും ചെക്ക് പോസ്റ്റിലും ജില്ലാ ഭരണകൂടത്തിനും ലഭ്യമാക്കണം. ഇവര്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളില്‍ ഏര്‍പ്പെടുന്നില്ലെന്ന സത്യപ്രസ്താവനയും തിരിച്ചറിയല്‍ കാര്‍ഡും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ നല്‍കണം.
ബാങ്ക് ജീവനക്കാര്‍ കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് വന്ന് ജോലി ചെയ്യുമ്പോള്‍ ജില്ലയിലെത്തി 7 ദിവസം ക്വാറന്റീനില്‍ കഴിയണം. അഞ്ചാം നാള് ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവായവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. ഇവരും പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളില്‍ ഏര്‍പ്പെടുന്നില്ലെന്ന സത്യപ്രസ്താവനയും തിരിച്ചറിയല്‍ കാര്‍ഡും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും ഇത് ബാധകമാണ്.
മാഷ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞടുക്കപ്പെട്ട പ്രൈമറിതലം മുതല്‍ കോളജ് തലം വരെയുള്ള അധ്യാപകര്‍ (സര്‍ക്കാര്‍ / എയ്ഡഡ് ) ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ പരിപാടിയിക്ക് അതത് പ്രദേശങ്ങളില്‍ നേതൃത്വം നല്‍കണം. ഇങ്ങനെ ചെയ്യാത്തവരുടെ വിവരങ്ങള്‍ 8590684023 എന്ന വാട്സാപ് നമ്പറിലേക്ക് ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറിമാര്‍, പ്രധാനാധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് അറിയിക്കാം.
https://www.facebook.com/Malayalivartha



























