27ന് പ്രത്യേക മന്ത്രിസഭായോഗം .... സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടനില്ല... തീരുമാനങ്ങള്‍ ഇങ്ങനെ...

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടന്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. നിലവില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വിഷയം വീണ്ടും ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം എടുക്കും. അതേസമയം കോവഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി.
നിയമസഭ ചേരാനിരുന്ന തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സായി പാസാക്കും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലും തിങ്കളാഴ്ച തീരുമാനമെടുക്കും. ഇപ്പോള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ല എന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം പേരുടേയും അഭിപ്രായം.
നിലവിലെ സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ കേരളത്തിലുണ്ടെന്ന് മന്ത്രിമാര്‍ അവകാശപ്പെട്ടു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന പ്രായോഗികതയും വിശദമായി ചര്‍ച്ച ചെയ്യേണ്ടി വരുമെന്നും മന്ത്രിസഭാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ടോടെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ അടക്കമുള്ള വിഷയങ്ങളും ഈ യോഗത്തില്‍ ചര്‍ച്ചയാകും. ഇതുകൂടി പരിഗണിച്ചാകും തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
അതേ സമയം സഭാ സമ്മേളനം ഒഴിവാക്കുന്നതിനോട് പ്രതിപക്ഷം എതിര്‍പ്പറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കെ അതില്‍നിന്ന് രക്ഷപ്പെടാനാണ് 27-ന് നിശ്ചയിച്ചസമ്മേളനം ഒഴിവാക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
സര്‍ക്കാരിന്റെ ഈ തീരുമാനത്തോടെ അവിശ്വാസപ്രമേയം അസാധുവാകും. രണ്ട് അവിശ്വാസപ്രമേയങ്ങളാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് നോട്ടീസ് ലഭിച്ചാല്‍ സഭയില്‍ അത് പരാമര്‍ശിക്കുകയും പ്രമേയാവതരണത്തിന് 20 പേരുടെ പിന്തുണ തേടുകയും വേണമെന്നാണ് ചട്ടം.
സ്പീക്കര്‍ക്കെതിരായ പ്രമേയം ഭരണഘടനാ വകുപ്പുമായി ബന്ധപ്പെട്ടതാണ്. ഇതിന് 14 ദിവസത്തെ നോട്ടീസ് വേണം. സഭ ചേരാന്‍ വിജ്ഞാപനമായാലേ ഈ രണ്ട് അവിശ്വാസപ്രമേയത്തിനും നോട്ടീസ് നല്‍കാനാകൂ. ഇപ്രാവശ്യം വിജ്ഞാപനം വന്നശേഷം 14 ദിവസത്തെ ഇടവേളയില്ലായിരുന്നതിനാല് സ്പീക്കര്‍ക്കെതിരേയുള്ള പ്രമേയത്തിന് സാധുത ലഭിക്കുമായിരുന്നില്ല. നിശ്ചയിച്ച സഭാസമ്മേളനം ഒഴിവാക്കുമ്പോള്‍ അവിശ്വാസപ്രമേയ നോട്ടീസും അസാധുവാകും. ഇനി ചേരുമ്പോള്‍ പുതിയ നോട്ടീസ് നല്‍കേണ്ടിവരും.നിയമസഭാ സമ്മേളനം മാറ്റിവച്ച നടപടിയില്‍ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കൊവിഡിന്റെ പേര് പറഞ്ഞ് നിയമസഭാ സമ്മേളനം മാറ്റി വക്കുന്ന സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ നിന്നും പ്രതിപക്ഷ പ്രതിഷേധത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ ഇതിനകം തന്നെ ആക്ഷേപിച്ച് കഴിഞ്ഞു.
https://www.facebook.com/Malayalivartha



























