കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശം ധാര്‍മികമായി പിണറായിക്ക് നഷ്ടപ്പെട്ടിരിക്കുന്നു; നിയമസഭാ സമ്മേളനം മാറ്റിയതില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം രാഷ്ട്രീയ കാരണങ്ങളാലാണെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ശക്തമായ അതൃപ്തിയും പ്രതിഷേധവുമുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരിനെതിരായി ഉയര്‍ന്നുവരുന്ന അവിശ്വാസപ്രമേയം പിന്‍താങ്ങാന്‍ ഇടതുമുന്നണിയിലെ പല കക്ഷികള്‍ക്കും പ്രയാസമുണ്ട് എന്നുള്ള വസ്തുത കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കാം നിയമസഭ മാറ്റിവച്ചത്.
സഭാ സമ്മേളനം കൂടുവാനുള്ള തീരുമാനം എടുത്തത് സ്പീക്കര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചാണ്. 27 ാം തീയതി ഒരു ദിവസത്തേക്കാണ് സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. അത് ക്യാബിനറ്റ് അംഗീകരിച്ച് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയും സമന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു. അന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഘട്ടമായിരുന്നു. സമ്മേളനം സാമൂഹിക അകലം പാലിച്ച് പ്രത്യേക സീറ്റുകളിട്ട് ചേരാനാണ് തീരുമാനിച്ചത്.
ഇതിനിടയിലാണ് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സ്പീക്കറും സംശയത്തിന്റെ നിഴലില്‍ വരികയും പ്രതിപക്ഷം റൂള്‍സ് ഓഫ് ബിസിനസ് 63 ഉം 65 ഉം അനുസരിച്ച് നോട്ടീസ് നല്‍കുകയും ചെയ്തത്. സര്‍ക്കാരിനെതിരായിട്ടുള്ള അവിശ്വാസപ്രമേയത്തിന് വി ഡി സതീശന്‍ എം എല്‍ എയും സ്പീക്കറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നുള്ള പ്രമേയത്തിന് എം ഉമ്മന്‍ എം എല്‍ എയും നോട്ടീസ് നല്‍കി. നോട്ടീസ് കൊടുത്ത് ഇത്രയും ദിവസം കഴിഞ്ഞിട്ടും നിയമസഭ അത് ബുള്ളറ്റിനായി പ്രസിദ്ധീകരിക്കാത്തത് ചട്ടവിരുദ്ധമാണ്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഞങ്ങള്‍ പുറകോട്ട് പോകുന്ന പ്രശ്‌നമില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശം ധാര്‍മികമായി പിണറായിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതിയും തീവെട്ടിക്കൊള്ളയും നടത്തുന്ന ഈ സര്‍ക്കാരിനെതിരായ പോരാട്ടം പ്രതിപക്ഷം കൂടുതല്‍ ശക്തിയായി തുടരും. എത്ര മാറ്റിവച്ചാലും സെപ്തംബര്‍ മാസത്തില്‍ സഭ കൂടിയേ മതിയാകൂ. അതുകൊണ്ട് സഭയ്ക്ക് അകത്തും പുറത്തും ഈ അഴിമതി ഭരണത്തിനെതിയായ പോരാട്ടം ശക്തിയോടെ തുടരും.
പിണറായിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റ് പ്രക്ഷോഭ പരിപാടികള്‍ക്ക് യു ഡി എഫ് രൂപം നല്‍കുന്നതാണ്. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ഒരു ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നത്. പ്രമാദമായ സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇക്കാര്യത്തില്‍ സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം.
https://www.facebook.com/Malayalivartha



























