അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക എന്നത് നിഷ്ഠയാക്കണം, കോവിഡിന്റെ കാര്യത്തില്‍ അടുത്ത ചില ആഴ്ചകള്‍ അതിനിര്‍ണായകം: മുഖ്യമന്ത്രി

കോവിഡിന്റെ കാര്യത്തില്‍ ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികള്‍ ഉരുത്തിരിയുകയെന്നും അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക എന്നതു നിഷ്ഠയാക്കണം. ഈ സര്‍ക്കാരെന്നോ പൊതുസമൂഹമെന്നോ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉദ്യോഗസ്ഥരെന്നോ പൊതുജനങ്ങളെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു നിന്നു പ്രതിരോധിക്കണം.
തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തതില്‍ 65% കേസുകളും ഉള്ളത്. നിലവില്‍ ആക്ടീവായ പകുതി കേസുകളും തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍. കോവിഡ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലുണ്ടായ സ്ഥിതി മറ്റു പല ജില്ലകളിലേക്കും വ്യാപിക്കുകയാണ്.
കര്‍മനിരതരായി രംഗത്തുണ്ടാകേണ്ട ഘട്ടത്തില്‍ ജനപ്രതിനിധികള്‍ക്കു രോഗം ബാധിക്കുന്നത് ഗൗരവമായി കാണണം. എന്നാല്‍, സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകരുത്. ചില ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പൊതു ചടങ്ങുകളിലും മറ്റും അകലം പാലിക്കാതെ പങ്കെടുക്കുന്നുണ്ട്. ഒരാള്‍ ഒരു കുട്ടിയുടെ മുഖത്തു തൊട്ടുനില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം കണ്ടു. ബ്രേക്ക് ദ് ചെയിന്‍ ക്യാംപെയ്‌നിലൂടെ ശാരീരിക അകലം പാലിക്കലും മറ്റു സുരക്ഷാമാര്‍ഗങ്ങളും നല്ല രീതിയില്‍ നടപ്പാക്കിയെങ്കില്‍ അതിലും ഇപ്പോള്‍ കുറവു വന്നു.
നേരിട്ടു വീടുകളില്‍ ചെന്നു ചടങ്ങുകളില്‍ പങ്കെടുത്തും മറ്റും സൗഹൃദം പുതുക്കേണ്ട ഘട്ടമല്ല ഇത്. ഇതെല്ലാം ഏറ്റവും ഗൗരവമായി ചിന്തിക്കേണ്ടതും ഇടപെടേണ്ടതും പൊതുപ്രവര്‍ത്തകരാണ്-. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ട വയോജനങ്ങളുടെ തൊട്ടടുത്തിരുന്നു കുശലം പറയുന്ന മറ്റൊരു ദൃശ്യവും കണ്ടു. ഇതൊക്കെ പിന്നീടാകാം, മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിരീക്ഷകരെന്ന ലേബലില്‍ വരുന്ന പലരും അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ടു ചിലര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി. കോവിഡ് ശാസ്ത്രീയമായി പഠിക്കേണ്ട വിഷയമാണ്. ആ മേഖലയില്‍ വൈദഗ്ധ്യവും അനുഭവ സമ്പത്തുമുള്ളവരാണ് ഇപ്പോള്‍ ഈ പോരാട്ടത്തെ നയിക്കുന്നത്. എന്നാല്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും ഒരു വൈദഗ്ധ്യവും ഇല്ലാത്ത ചിലര്‍ അശാസ്ത്രീയവും അബദ്ധജടിലവുമായ നിരീക്ഷണങ്ങള്‍ ആധികാരികമായി നടത്തുമ്പോള്‍ അതു പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























