ആയിരക്കണക്കിന് നീര്‍ക്കാക്കകള്‍ വളന്തകാട് ദ്വീപിലെ മീനുകളെ കൂട്ടത്തോടെ ആക്രമിക്കുന്നതിനാല്‍ കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു

മരടിലെ വളന്തകാട് ദ്വീപിനെ വളഞ്ഞ് ആയിരക്കണക്കിന് കാക്കകള്‍ കൂട്ടത്തോടെ വെള്ളം തെറിപ്പിച്ചു പറക്കുന്നതിന്റെ ആരവം കിലോമീറ്റര്‍ ദൂരെ കേള്‍ക്കാം. ദ്വീപിന്റെ തെക്കു കിഴക്കന്‍ മേഖലയിലും നെട്ടൂര്‍ മാര്‍ക്കറ്റിലെ കണ്ടല്‍ക്കാട്ടിലുമാണ് ഇവ കൂട്ടത്തോടെ ചേക്കേറുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കായലിന്റെ അടിത്തട്ടിലെ കൂരിക്കൂട്ടമാണ് ഇന്നലെ ഇവയുടെ ആക്രമണത്തിന് ഇരയായത്. ഉപരിതലത്തില്‍ കാണുന്ന പരല്‍, കോലാന്‍, പള്ളത്തി, ചൂടന്‍ തുടങ്ങിയ ചെറു മത്സ്യങ്ങളെ പിടികൂടുന്നതു കൂടാതെ മുങ്ങാംകുഴിയിട്ടും ഇവ മീനുകളെ തിന്നുന്നു. മത്സ്യക്കെണിയായ നൊരിമ്പില്‍ കുടുങ്ങിയ മീനുകളും ഇവയുടെ ഇരയാകുന്നു. ചെമ്മീന്‍കെട്ടുകളില്‍ ഇവ കയറാതിരിക്കാന്‍ കെട്ടിനു മുകളില്‍ പന്തല്‍ പോലെ വല വിരിക്കുകയാണ്.
മീനുകളെ വലുപ്പച്ചെറുപ്പമില്ലാതെ ഇവ കൂട്ടത്തോടെ ആക്രമിക്കുന്നതിനാല്‍ കായലില്‍ മത്സ്യസമ്പത്ത് കുറഞ്ഞെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.ദിവസം 250 ഗ്രാം മത്സ്യം വരെ ഒരു നീര്‍ക്കാക്ക തിന്നുന്നതായാണ് കണക്ക്. ഇവ ഭക്ഷിച്ചു തള്ളുന്ന മീനിന്റെ അവശിഷ്ടത്തില്‍ നിന്നു വമിക്കുന്ന ദുര്‍ഗന്ധം വേറെ. വന്‍തോതില്‍ ചേക്കേറുകയും കൂടു കൂട്ടുകയും ചെയ്ത് വേമ്പനാട്ടു കായലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും നീര്‍ക്കാക്ക ശല്യം വര്‍ധിക്കുകയാണ്.
https://www.facebook.com/Malayalivartha