കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട നാലു പേരും പിടിയില്‍

കോഴിക്കോട് കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട നാലു പേരും വയനാട് മേപ്പാടിയില്‍ വച്ച് പിടിയിലായി. ഇന്നലെ രാത്രിയാണ് ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍, മട്ടാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍ എന്നിവര്‍ പിടിയിലായത്. ഇവര്‍ക്കൊപ്പം 22-ാം തീയതി രക്ഷപ്പെട്ട അമ്പായത്തോട് സ്വദേശി ആഷിഖ്, താനൂര്‍ സ്വദേശി ഷഹല്‍ ഷാനു എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായിരുന്നു.
ലഹരി ആസക്തിക്കു ചികിത്സയിലായിരുന്ന ഷഹല്‍ ഷാനുവാണ് ആശുപത്രിയിലെ സെല്ലിലായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടാന്‍ സഹായിച്ചത്. ഷഹല്‍ ഷാനു ഒഴികെ മൂന്നു പേരും ക്രിമിനല്‍ കേസ് പ്രതികളാണ്. കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്കിടെ പിടിയിലായ ആഷിഖിനെ ചോദ്യംചെയ്തതില്‍ നിന്നാണു മറ്റു രണ്ടു പേരെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്. മേപ്പാടിയില്‍ നിന്നു മൈസൂരുവിലേക്കു കടക്കാനായിരുന്നു പ്രതികളുടെ നീക്കം.
മിംസ് ആശുപത്രി പരിസരത്തു നിന്നു മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചാണ് ഇവര്‍ വയനാട്ടിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ബുക് സ്റ്റാള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായി അബ്ദുല്‍ ഗഫൂറും നിസാമുദ്ദീനും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഡിസിപി എസ്.സുജിത് ദാസിന്റെ നേതൃത്വത്തില്‍ കസബ എസ്ഐ വി.സിജിത്, നടക്കാവ് എസ്ഐ എസ്.ബി.കൈലാസനാഥ്, മെഡിക്കല്‍ കോളജ് എസ്ഐ ടി.വി.ധനഞ്ജയദാസ് എന്നിവരടങ്ങിയ സ്‌ക്വാഡിനായിരുന്നു അന്വേഷണ ചുമതല.
https://www.facebook.com/Malayalivartha