സഹപ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ കിണറ്റില്‍ വീണു കോര്‍പറേഷന്‍ ദിവസവേതന ജീവനക്കാരന്‍ മരിച്ചു

തൃശ്ശൂരില്‍ കുരിയച്ചിറ അറവുശാല വളപ്പില്‍ ഇന്നലെ രാവിലെ 7.30ന് സഹപ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ കിണറ്റില്‍ വീണു മരിച്ച മജീദിനെ കുറിച്ചോര്‍ക്കുമ്പോള്‍ നെഞ്ച് പൊട്ടുകയാണ് നിസാറിിന്. 'വെള്ളത്തിനു മുകളിലേക്ക് ഉയര്‍ന്ന ആ കൈയാണ് അവസാനം കണ്ടത്. ഒറ്റത്തവണ മുങ്ങി നോക്കി. ഒന്നും കാണാനില്ല. ഒരു മിനിറ്റ് മുന്‍പെങ്കിലും ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞിരുന്നെങ്കില്‍...' സഹപ്രവര്‍ത്തകന്റെ മരണം തൊട്ടുമുന്‍പില്‍ കണ്ടതിന്റെ മരവിപ്പും നിസ്സഹായതയും ഉണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാറിന്റെ വാക്കുകളില്‍.
അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജീവനക്കാരില്‍ ആര്‍ക്കും വെള്ളത്തില്‍ ഇറങ്ങി പരിചയമില്ല. നീന്തലറിയാമെന്ന ആത്മവിശ്വാസത്തില്‍് മോട്ടര്‍ കയറില്‍ പിടിച്ചു നിസാര്‍ താഴേക്കിറങ്ങി. കൈകള്‍ മാത്രം മുകളില്‍ കണ്ടു. മുങ്ങിനോക്കിയിട്ടും ആളെ കാണാന്‍ കഴിഞ്ഞില്ല. പടവുകളില്ലാത്തതിനാല്‍ പിടിച്ചു നില്‍ക്കാനും കയറാനും ബുദ്ധിമുട്ടായിരുന്നു.പുറത്തുള്ളവര്‍ ഒരു കയര്‍ കിണറ്റിലേക്കിട്ടു തന്നു. അതില്‍ പിടിച്ചാണ് തിരിച്ചുകയറാനായത്. തൊട്ടുമുന്‍പുവരെ കൂടെയുണ്ടായിരുന്ന ഒരാള്‍ ആഴങ്ങളില്‍ ഇല്ലാതായ കാഴ്ചയുടെ അസ്വസ്ഥത ഇനിയും വിട്ടുമാറിയിട്ടില്ല..' നിസാര്‍ പറയുന്നു.
തൃശ്ശൂരില്‍ കുരിയച്ചിറ അറവുശാല വളപ്പില്‍ ഇന്നലെ രാവിലെ 7.30-നാണ് സഹപ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ കിണറ്റില്‍ വീണു കോര്‍പറേഷന്‍ ദിവസവേതന ജീവനക്കാരന്‍ മരിച്ചത്. കാര്യാട്ടുകരയില്‍ താമസിക്കുന്ന എടമുട്ടത്ത് മജീദ് (56) ആണ് മരിച്ചത്. കിണറിനു മുകളിലെ തുരുമ്പിച്ച ഇരുമ്പു ഗ്രില്ലിനു പുറത്തേക്കു വളര്‍ന്ന കാടുവെട്ടുന്നതിനിടെ ഗ്രില്‍ തകര്‍ന്ന് 15 അടി താഴ്ചയിലേക്കു വീഴുകയായിരുന്നു.
രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാര്‍ കിണറ്റില്‍ കുടുങ്ങിയെങ്കിലും നിസാറിനെ മറ്റു ജീവനക്കാര്‍ കയറില്‍ വലിച്ചുകയറ്റി. അഗ്‌നിരക്ഷാ സേന എത്തിയാണ് മജീദിന്റെ മൃതദേഹം പുറത്തെടുത്തത്. കിണറ്റിലെ പമ്പിങ് മോട്ടര്‍ നന്നാക്കാന്‍ എത്തിയവര്‍ക്കു കാടുവെട്ടി സൗകര്യമൊരുക്കാനാണ് മജീദ് ഗ്രില്ലിനു മുകളില്‍ കയറിയത്.
കോര്‍പറേഷന്‍ ക്വാര്‍ട്ടേഴ്‌സിലേക്കും അറവുശാലയിലേക്കും വെള്ളം എടുക്കാനുപയോഗിക്കുന്ന 2 കിളിവാതിലുകള്‍ ഗ്രില്ലിനു മുകളിലുണ്ട്. ഇതിലൊന്നു ശരിയായി അടയ്ക്കാത്തതു മൂലം കുറ്റിയില്‍ നിന്നു തെന്നിമാറിയതാണ് അപകടമുണ്ടാക്കിയതെന്നു നിസാര്‍ പറഞ്ഞു. കിണറ്റില്‍ 5 മീറ്ററോളം ആഴത്തില്‍ കുടുങ്ങിയതാണ് മജീദിന്റെ ജീവനെടുത്തത്. കബറടക്കം ഇന്ന് കാളത്തോട് ജുമ മസ്ജിദ് കബര്‍സ്ഥാനില്‍. ചാലക്കുടി ഗവ. ഐടിഐ അസി. സ്റ്റോര്‍ കീപ്പര്‍ ആയ നെസിയാണ് ഭാര്യ. മകന്‍: മനാഫ്.
https://www.facebook.com/Malayalivartha