ആദ്യം ബെല്ലി ഡാൻസ്, ഇപ്പോൾ ബെൻസ് കാറിന് മുകളിൽ കയറി റോഡ് ഷോ! റോയ് കുര്യന്റെ റോഡ് ഷോ വിവാദത്തിൽ

കൊവിഡ് നിയന്ത്രണം ലംഘിച്ച് ഇടുക്കിയില്‍ നിശാപാര്‍ട്ടി നടത്തിയ കേസിലെ പ്രതിയും വ്യവസായിയുമായ റോയ് കുര്യന്റെ റോഡ് ഷോ വിവാദത്തിൽ. കോതമംഗലത്ത് ബെൻസ് കാറിന് പിന്നിൽ എട്ട് ലോറികൾ കൂട്ടിക്കെട്ടിയാണ് റോയ് കുര്യൻ റോഡിലൂടെ 'ഷോ' നടത്തിയത്. ഇന്നലെയാണ് റോയ് കുര്യന് പുതിയ ലോറികളും ബെൻസ് കാറും പുതുതായി ഡെലിവറി നടത്തിയത്. തുടർന്ന് ഈ കാറിന്‍റെയും ലോറികളുടെയും ഫോട്ടോഷൂട്ട് നടത്തി. ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപത്തായിരുന്നു ഫോട്ടോ ഷൂട്ട്. അതിന് ശേഷം, വാഹനങ്ങൾ നാട്ടുകാരെ കാണിക്കാനായി ഭൂതത്താൻ കെട്ടിൽ നിന്ന് കോതമംഗലം വരെ കൂട്ടത്തോടെ റോഡ് ഷോയായി കൊണ്ടുവരികയായിരുന്നു.
ബെൻസ് കാറിന് മുകളിൽ കയറി നാട്ടുകാരെ കൈവീശിക്കാച്ചാണ് റോയ് കുര്യൻ റോഡിലൂടെ കടന്നു പോയത്. കോതമംഗലം ടൗൺ മുഴുവൻ ഇയാൾ ഷോ നടത്തി. പുതിയ എട്ട് ലോറികളിലെ ഡ്രൈവർമാർക്കും പിന്നിലുണ്ടായിരുന്ന ഒരു പഴയ ലോറിയിലെ ഡ്രൈവർക്കുമെതിരെ കേസെടുത്തു. ഒപ്പം റോയ് കുര്യനെതിരെയും കേസ് റജിസ്റ്റർ ചെയ്തു. അപകടകരമായി വാഹനമോടിച്ചു, കൊവിഡ് ചട്ടങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 28-ാം തീയതിയാണ് തണ്ണിക്കോട്ട് മെറ്റൽസിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടായ ജംഗിൾ പാലസിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും റോയ് കുര്യൻ നടത്തി വിവാദത്തിലായത്.
https://www.facebook.com/Malayalivartha