വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു, സ്വര്‍ണക്കടത്തും അന്വേഷിക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം കേരള പൊലീസില്‍ നിന്നും സിബിഐ എറ്റെടുത്തു. 2018 സെപ്റ്റംബര്‍ 25-ന് നടന്ന അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു.
ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍നിന്നും ലഭിച്ച മുടി അര്‍ജുന്റേതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്ക് ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരും ഡിസംബറില്‍ ശുപാര്‍ശ ചെയ്തിരുന്നു.
അപകടം നടന്ന സമയത്ത് വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ വൈരുദ്ധ്യം ദുരൂഹതയ്ക്കു കാരണമായി. അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഫൊറന്‍സിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായി എന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 100-നും 120-നും ഇടയിലാണ്.
വാഹനത്തിന്റെ അമിത വേഗം തെളിയിക്കുന്ന രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ചാലക്കുടിയില്‍ മോട്ടര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിയുമ്പോള്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 94 കിലോമീറ്ററായിരുന്നു. ഇതാണ് അമിതവേഗമാണ് അപകടമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചിനെ എത്തിച്ചത്.
ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരവേ ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്തംബര്‍ 25-ന് പുലര്‍ച്ചെയായിരുന്നു അപകടം. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു. അമിത വേഗതയില്‍ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പവും വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. പാലക്കാട് ഉള്ള ഡോക്ടര്‍ക്കെതിരെയും ബാലഭാസ്‌കറിന്റെ കുടുംബം ആരോപണവുമായി എത്തി. വാഹനമോടിച്ച ഡ്രൈവര്‍ അര്‍ജുന്‍ ഇവരുടെ ബന്ധുവായതും വിവാദങ്ങളെ സങ്കീര്‍ണ്ണമാക്കി.
ഇതിനിടയില്‍ ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നു. ശാസ്ത്രീയ പരിശോധനകള്‍ക്ക് അവസാനം ക്രൈംബ്രാഞ്ച് സംഘം അപകടമരണമാണെന്ന നിഗമനത്തില്‍ എത്തിയതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി സിബിഐ അന്വേഷണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്നു ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നു.
കാറപകടം നടന്ന സ്ഥലത്തുകൂടി ആ സമയത്ത് പോയ കലാഭവന്‍ സോബി അപകടം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടെന്ന് അറിയിച്ചിരുന്നു. പക്ഷേ ക്രൈംബ്രാഞ്ച് അത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ സോബിയെ നോട്ടിസ് അയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്ത ഡിആര്‍ഐ, ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചിരുന്നു. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകളും സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിനു ശക്തി പകര്‍ന്നു.
ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ച ഒരാളെ ഫോട്ടോയില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. ഡിആര്‍ഐ ഈ വിവരങ്ങള്‍ കൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെയാണ് ഡിആര്‍ഐ സോബിയുടെ മൊഴി പരിശോധിക്കാന്‍ തീരുമാനിച്ചത്.
തിരുമല സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറും (45), കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) മേയ് 13-ന് 25 കിലോ സ്വര്‍ണവുമായി അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മാനേജര്‍ക്കും സുഹൃത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വിവരം പുറത്തുവരുന്നത്. കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. സുനില്‍കുമാര്‍, സെറീന, വിഷ്ണു സോമസുന്ദരം, ബിജു, വിനീത, അബ്ദുള്‍ ഹക്കിം, റഷീദ്, പ്രകാശന്‍ തമ്പി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സ്വര്‍ണക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്.
https://www.facebook.com/Malayalivartha