കൊതിപ്പിക്കുന്ന അവിശുദ്ധിയോടെ ജീവിക്കുന്ന കവി എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ലൂയി പാപ്പ എന്നറിയപ്പെട്ടിരുന്ന ലൂയിസ് പീറ്റര്‍ അന്തരിച്ചു

സാഹിത്യ സദസുകളിലെ സജീവ സാന്നിധ്യമായി മാറിയ ലൂയി പാപ്പ എന്നറിയപ്പെട്ടിരുന്ന കവി ലൂയിസ് പീറ്റര്‍(58) അന്തരിച്ചു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ക്ഷയരോഗ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ഒരു കവിത എഴുതി 20 വര്‍ഷം നീണ്ട മൗനത്തിനു ശേഷമാണ് പിന്നെ വീണ്ടും കവിത എഴുതിയത്.
സഞ്ചാര പ്രേമിയായിരുന്ന വായനക്കാരുടെ പ്രിയപ്പെട്ട ലൂയി പാപ്പ ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളെ തൂലികയിലേക്ക് ആവാഹിച്ചായിരുന്നു തന്റെ കവിതകള്‍ രചിച്ചത്. 1986-ലാണ് ആദ്യ കവിത എഴുതിയത്. പിന്നീട് 2006-ല്‍ വീണ്ടും വരികളില്‍ മൗനവാക്യങ്ങളെഴുതി.നേരത്തെ ഫെഡറല്‍ ബാങ്കില്‍ ജോലി ചെയ്തിട്ടുണ്ട്.
ലൂയിസിന്റെ ജീവിതം 'മുറിവേറ്റ നക്ഷത്രം' എന്നപേരില്‍ മുത്തു ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ബിബിന്‍ പോലൂക്കര ഡോക്കുമെന്ററിയാക്കിയിരുന്നു. ലൂയിസ് പോലുമറിയാതെ ഒന്നര വര്‍ഷം ഹാന്‍ഡി ക്യാമും മൊബൈല്‍ ക്യാമറയും ഉപയോഗിച്ച് കേരളമൊട്ടുക്ക് അദ്ദേഹത്തെ പിന്തുടര്‍ന്നാണ് ലൂയിസിനെയും അനുഭവങ്ങളെയും പകര്‍ത്തിയെടുത്തത്. തന്റെ പിന്നാലെ നടന്ന് പകര്‍ത്തുന്നത് ചോദ്യം ചെയ്ത് മിക്കപ്പോഴും ഉന്തും തള്ളും ഉണ്ടായിട്ടുണ്ടെന്ന് ബിബിന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
എന്നെക്കുറിച്ചാണെങ്കില്‍
എന്നോടു ചോദിക്കുക
മൗനാക്ഷരങ്ങള്‍ നിറച്ച
ഒരു കടലാസുകീറ്
നിങ്ങള്‍ക്കു ഞാന്‍ തരും.
അതില്‍ നിങ്ങളെന്നെ
വായിച്ചെടുക്കുക'
ലൂയിസ് പീറ്ററിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പിന്‍കുറിപ്പായി എഴുതി നല്‍കിയ വാചകം. വിശുദ്ധര്‍ക്ക് പഞ്ഞമില്ലാത്ത ഇടങ്ങളില്‍ കൊതിപ്പിക്കുന്ന അവിശുദ്ധിയോടെ ജീവിക്കുന്ന കവി എന്നായിരുന്നു അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ഓരോ കാലങ്ങളില്‍ നാടകക്കാരനായും രാഷ്ട്രീയക്കാരനായും തത്വചിന്തകനായും ഭാഷ പണ്ഡിതനായും കവിയായും സുഹൃത്തായുമെല്ലാം വേഷമിട്ടു.
ഇരുട്ടു വീഴുമ്പോള്‍ ചെന്നുനില്‍ക്കുന്നിടം കൂടാക്കി മാറ്റിയ അപൂര്‍വ വ്യക്തിത്വമായിരുന്നു ലൂയിസ്. ഇടയ്‌ക്കെപ്പോഴെങ്കിലും പെരുമ്പാവൂരില്‍ ഭാര്യയുടെ കാത്തിരിപ്പിലേക്ക് അദ്ദേഹം എത്തുമായിരുന്നു. കവിയുടെ വ്യത്യസ്ഥമായ ജീവിതം കാമറയില്‍ പകര്‍ത്തുകയായിരുന്നു ബിബിന്‍ ചെയ്തത്. ഭാര്യ: ഡോളി, മക്കള്‍: ദിലീപ്, ദീപു.
https://www.facebook.com/Malayalivartha